കോഴിക്കോട്: ഇരവഴിഞ്ഞിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് ഇരവഴിഞ്ഞിപ്പുഴയിലെ പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ വീട്ടിൽ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.
പരപ്പനങ്ങാടിയിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ് റമീസ്. അഞ്ച് ബൈക്കുകളിലായി പത്ത് പേരാണ് കടലുണ്ടിയിൽ നിന്ന് പതങ്കയത്ത് എത്തിയത്. പുഴയിലിറങ്ങിയ റമീസ് മുങ്ങിമരിക്കുകയായിരുന്നു. അതേസമയം, മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്ന പതങ്കയത്ത് വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന ആക്ഷേപം പലപ്പോഴും നാട്ടുകാർ ഉയർത്താറുണ്ട്.
അപകടസാധ്യതയെ തുടർന്ന് പുഴയിൽ വെള്ളം അധികമുള്ള സമയത്ത് നാരങ്ങാത്തോട് വഴി എത്തുന്നവരെ പലപ്പോഴും നാട്ടുകാർ തിരിച്ചയക്കുകയാണ് പതിവ്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ വഴിയും സഞ്ചാരികൾ പതങ്കയത്ത് എത്തുന്നുണ്ട്. ഇതുവഴി എത്തുന്നവരെ നിയന്ത്രിക്കാൻ മാർഗങ്ങളൊന്നും ഒരുക്കിയിട്ടില്ല. സൈൻ ബോർഡുകൾ സ്‌ഥാപിക്കൽ, ഫെൻസിങ്, ലൈഫ് ഗാർഡുകളെ ഏർപ്പെടുത്താൽ തുടങ്ങിയവ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read| ‘ഇന്ത്യ ഉപയോഗിച്ചത് തിരിച്ചടിക്കാനുള്ള അവകാശം; ആക്രമണം ക്ളിനിക്കൽ പ്രിസിഷനോടെ’