ന്യൂഡെൽഹി: പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തിൽ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂരും. ഇന്ത്യയിലെ വിദേശകാര്യ പാർലമെന്ററി പാനലിന്റെ തലവൻ കൂടിയായ ശശി തരൂർ പ്രതിനിധി സംഘത്തെ നയിച്ചേക്കുമെന്നാണ് റിപ്പോർട്.
പ്രതിനിധി സംഘത്തെ നയിക്കാൻ കേന്ദ്ര സർക്കാർ ശശി തരൂരിനെ സമീപിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഇന്ത്യാ സഖ്യത്തിൽ നിന്നുള്ള എംപിമാരും സംഘത്തിലുണ്ട്. ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ സംഘത്തെ അയക്കുന്നത്.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന് കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മോദി സർക്കാർ തങ്ങളുടെ സർവകക്ഷി സംഘത്തെ നയിക്കാൻ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം, തന്നെ താക്കീത് ചെയ്തുവെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ പ്രവർത്തക സമിതിയംഗം കൂടിയായ തരൂർ നിഷേധിച്ചിരുന്നു.
ഭീകരതയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ നയതന്ത്ര നീക്കം. തരൂരിനെ കൂടാതെ കോൺഗ്രസിൽ നിന്ന് മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിങ് തുടങ്ങിയ എംപിമാരെയും സർക്കാർ സമീപിച്ചിട്ടുണ്ട്.
ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, അപരാജിത സാരംഗി, കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായി ജോൺ ബ്രിട്ടാസ്, ഡിഎംകെ എംപി കെ കനിമൊഴി, തൃണമൂൽ നേതാവ് സുദീപ് ബാധോപാധ്യായ തുടങ്ങിയവരും സംഘത്തിലുണ്ട്.
നയതന്ത്ര ദൗത്യത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പടെ ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള എംപിമാരെ സർക്കാർ സമീപിച്ചിട്ടുണ്ട്. പ്രതിനിധികളുടെയും പങ്കാളികളുടെയും കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും 30-ലധികം എംപിമാർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 22 മുതൽ ജൂൺ പത്തുവരെ നീണ്ടുനിൽക്കുന്ന യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ