ന്യൂഡെൽഹി: ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര സർക്കാർ പാക്കിസ്‌ഥാനെ നേരത്തെ അറിയിച്ചുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാക്കിസ്‌ഥാനെ മുൻകൂട്ടി അറിയിച്ചത് എന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
കേന്ദ്ര സർക്കാർ പാക്കിസ്‌ഥാനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ പരസ്യമായി സമ്മതിച്ചിരുന്നതായും രാഹുൽ ആരോപിച്ചു. ഇത് ഒരു കുറ്റകൃത്യമാണെന്നും ആരാണ് ഇതിന് അനുമതി നൽകിയതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. എക്‌സിലൂടെ ആയിരുന്നു രാഹുൽ ഗാന്ധി ജയശങ്കറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
പാക്കിസ്‌ഥാനുമായി ഇക്കാര്യം പങ്കുവെച്ചതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയ്‌ക്ക് എത്ര വിമാനങ്ങൾ നഷ്‌ടപ്പെട്ടുവെന്നും രാഹുൽ ചോദിച്ചു. പാക്കിസ്‌ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾക്കെതിരായ നടപടിയെക്കുറിച്ച് ഇന്ത്യ അറിയിച്ചിട്ടുണ്ടെന്ന് എസ് ജയശങ്കർ പറയുന്നതായുള്ള സ്വകാര്യ ചാനലിന്റെ വീഡിയോയും രാഹുൽ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോയിൽ സൈന്യത്തിന് നേരെയല്ല, മറിച്ച് ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തുകയെന്ന് സർക്കാർ പാക്കിസ്‌ഥാന് സന്ദേശം അയച്ചതായി ജയശങ്കർ പറയുന്നത് കേൾക്കാമെന്നും രാഹുൽ പറയുന്നു. അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് മുൻപ് ഇന്ത്യ പാക്കിസ്‌ഥാനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് ജയശങ്കർ പറഞ്ഞതായുള്ള വാർത്ത പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിഷേധിച്ചു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ