തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴ. ബംഗാൾ തീരത്തിന് സമീപം തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായതോടെയാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. കാലവർഷത്തിന്റെ ഭാഗമായി അടുത്ത നാല് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരും. വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, എറണാകുളം, കാസർഗോഡ്, കോട്ടയം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിൽ ശക്തമായ കാറ്റും മഴയുമാണ്. ഇതേ തുടർന്ന് പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി.
കോട്ടയത്ത് രാത്രിയിൽ പലയിടത്തും ശക്തമായ മഴ പെയ്തു. രാവിലെയും മഴ തുടരുകയാണ്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ നദികളിൽ ജലനിരപ്പ് ഉയർന്നു. പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇടുക്കിയിൽ പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
കണ്ണൂരിൽ ഇടവിട്ട് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോഴിക്കോടും കനത്ത മഴയാണ്. കൊച്ചി നഗരത്തിലും ആലുവ അടക്കമുള്ള പ്രദേശങ്ങളിലും മഴ തുടരുകയാണ്. പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുകയാണ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുള്ള ജനശതാബ്ദി എക്സ്പ്രസ് മണിക്കൂറുകളോളം വൈകി ഓടുകയാണ്.
കുമ്പളം കായലിൽ നോർത്ത് ഓളി ഊന്നിപ്പാടിൽ വള്ളം മറിഞ്ഞ് മൽസ്യത്തൊഴിലാളിയെ കാണാതായി. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്ണനെയാണ് (62) കാണാതായത്. കൂടെയുണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷ് (58) രക്ഷപ്പെട്ടു. മീൻ പിടിക്കാനായി കുമ്പളം കായലിൽ എത്തിയതായിരുന്നു ഇരുവരും. ഇന്നലെ വൈകീട്ടുണ്ടായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.
കുമളിയിൽ തമിഴ്നാട് ചെക്ക്പോസ്റ്റിന് സമീപം ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കാസർഗോഡ് ബോവിക്കാനത്ത് തുണിയലക്കാൻ പോയ വീട്ടമ്മ വീടിന് മുന്നിലെ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. ആലപ്പുഴയിൽ കാൽ വഴുതി കനാലിൽ വീണ ഹൗസ്ബോട്ട് ജീവനക്കാരൻ മരിച്ചു. പുന്നപ്രയിൽ മീൻ പിടിക്കാൻ പോയ 65-കാരനെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
മൽസ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിഴിഞ്ഞത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പാട്യം മുതിയങ്ങായിൽ തോട്ടിൽ വീണ് വീട്ടമ്മയെ കാണാതായി. വീരൻപുഴയിൽ വഞ്ചി മറിഞ്ഞ് ചെറായി സ്വദേശിയെ കാണാതായി.
Most Read| ട്രംപിന് ആശ്വാസം; തീരുവ നടപടികൾ വിലക്കിയ ഉത്തരവിന് സ്റ്റേ