മോസ്‌കോ: റഷ്യയിൽ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് വൻ ഡ്രോണാക്രമണം നടത്തി യുക്രൈൻ. റഷ്യയ്‌ക്ക് നേരെ യുക്രൈൻ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിത്. 40ഓളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി യുക്രൈൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ് കീവ് ഇൻഡിപെൻഡന്റ് റിപ്പോർട് ചെയ്‌തു.
യുക്രൈനിൽ നിന്ന് 4000 കിലോമീറ്ററിലധികം അകലെ, കിഴക്കൻ സൈബീരിയയിലെ ഇർകുട്‌സ്‌ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രൈൻ ആക്രമിച്ചെന്നാണ് വിവരം. ആക്രമണം ഇർകുട്‌സ്‌ക് ഗവർണർ സ്‌ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് യുക്രൈൻ സൈബീരിയയിൽ ആക്രമണം നടത്തുന്നത്. യുക്രൈന്റെ റിമോട്ട് പൈലറ്റഡ് വിമാനം ശ്രിഡ്‌നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചുവെന്ന് ഗവർണർ പറഞ്ഞു.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണം നേരിടാൻ റഷ്യൻ സൈന്യം സജ്‌ജമായതായാണ് റിപ്പോർട്ടുകൾ. ഡ്രോൺ വിക്ഷേപണത്തിന്റെ ഉറവിടം തടഞ്ഞതായും വിവരമുണ്ട്. ശത്രു ഡ്രോണുകൾ മർമാൻസ്‌ക് മേഖലയിൽ ആക്രമണം നടത്തിയതായി മർമാൻസ്‌ക് ഗവർണർ ആൻഡ്രി ചിബിസും സ്‌ഥിരീകരിച്ചു. ആക്രമണത്തിനായി ഏതുതരം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന വിവരം യുക്രൈൻ പുറത്തുവിട്ടിട്ടില്ല.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’