പാലക്കാട് : വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി തേടി ഇന്ന് മുതൽ രക്ഷിതാക്കള്‍ വീട്ടുമുറ്റത്തു സത്യാഗ്രഹം നടത്തും. കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെയാണ് സത്യാഗ്രഹം. 2019 ഒക്ടോബർ 25 ആം തീയതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് വിധി വന്നത്. അതിനാല്‍ വിധി വന്ന് ഒരു വർഷം തികയുന്ന ഇന്ന് തന്നെ സത്യാഗ്രഹം തുടങ്ങാന്‍ രക്ഷിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള പുനഃരന്വേഷണമാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന ആവശ്യം.
2019 ഒക്ടോബർ 25 ആം തീയതി പ്രതികളെ വെറുതെ വിട്ടു കൊണ്ട് കോടതി വിധി വന്ന ശേഷം നിരവധി സമരങ്ങള്‍ക്ക് വാളയാര്‍ കേന്ദ്രമായി. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടത് പ്രോസിക്യൂഷന്റെ പരാജയമായി തന്നെ എല്ലാവരും മുദ്ര കുത്തി. നീതി തേടി നടത്തിയ നിരവധി സമരങ്ങള്‍ക്കിടയില്‍ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണത്തിന് കൂടെയുണ്ടാകും എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി. അതിന്റെ ഭാഗമായി കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ അടുത്ത ആഴ്ചയാണ് ഹൈക്കോടതി വാദം തുടങ്ങുന്നത്. ഒപ്പം തന്നെ പ്രോസിക്യൂഷന് വീഴ്ച പറ്റിയതായി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേസില്‍ നീതി വൈകുന്നുവെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ നിരവധി തവണ സമരങ്ങള്‍ നടത്തി. കേസില്‍ അട്ടിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി എടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അതിനിടയില്‍ തന്നെയാണ് വാളയാര്‍ കേസ് അന്വേഷിച്ച ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം ലഭിച്ചത്. ഇത് അട്ടിമറിയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. പക്ഷേ നടപടി ക്രമങ്ങളുടെ സാങ്കേതിക കാലതാമസമാണ് കാരണമെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.
Read also : ഉദയം പദ്ധതി: അംഗീകാരത്തിനായി ഉടന്‍ നടപടി സ്വീകരിക്കും; മന്ത്രി







































