ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മൽസരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണ് കമൽഹാസൻ പത്രിക സമർപ്പിച്ചത്.
നിലവിലെ രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ പി വൽസൻ, കവിയും എഴുത്തുകാരിയുമായ സൽമ, മുൻ എംഎൽഎ എസ്ആർ ശിവലിംഗ എന്നിവരും ഡിഎംകെ സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചു. അണ്ണാ ഡിഎംകെ സ്ഥാനാർഥികളായി ഇമ്പദുരൈ, മുൻ എംഎൽഎ എം ധനപാൽ എന്നിവരാണ് പത്രിക നൽകിയത്.
നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കും രണ്ട് അംഗങ്ങളെ അണ്ണാ ഡിഎംകെയ്ക്കും രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും. രാജ്യസഭാംഗങ്ങളായ അൻപുമണി രാമദാസ്, എം ഷൺമുഖം, എൻ രാമചന്ദ്രൻ, എം മുഹമ്മദ് അബ്ദുല്ല, പി വൽസൻ, വൈകോ എന്നിവരുടെ കാലാവധിയാണ് ഈ മാസം അവസാനിക്കുന്നത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലയ്ക്കെതിരെ കോയമ്പത്തൂരിൽ മൽസരിക്കാൻ തയ്യാറെടുത്ത കമൽഹാസൻ, ഡിഎംകെയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ പിൻമാറുകയായിരുന്നു. പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന് അന്നേ ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!