കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ചു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി 129 കിലോമീറ്ററോളം ഉൾക്കടലിലാണ് സംഭവം. സിംഗപ്പൂർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലിനാണ് ഇന്ന് രാവിലെ ഒമ്പതരയോടെ തീപിടിച്ചത്.
22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവർക്ക് പൊള്ളലേറ്റതായാണ് സൂചന. ഇതിൽ 18 പേർ കടലിൽ ചാടി. ഇവർ സുരക്ഷാ ബോട്ടുകളിൽ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. കപ്പലിൽ പൊട്ടിത്തെറികൾ ഉണ്ടായതായാണ് സൂചന. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല.
50 കണ്ടെയ്‌നറുകൾ കടലിൽ വീണതായാണ് വിവരം. തീരസംരക്ഷണ സേനയുടെ 5 കപ്പലുകളും നേവിയുടെ ഒരു കപ്പലും സംഭവ സ്‌ഥലത്തേക്ക് പോയിട്ടുണ്ട്. തൊഴിലാളികളെ കേരളാ തീരത്ത് എത്തിച്ചാൽ ചികിൽസ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്‌ടർമാർക്ക് നിർദ്ദേശം നൽകി.
വൻ തീപിടിത്തമാണ് ഉണ്ടായതെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. ഒന്നിലധികം സ്‌ഫോടനങ്ങൾ ഉണ്ടായി. തീ അണയ്‌ക്കാനുള്ള ആദ്യ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. തീപിടിക്കുന്നതും അപകടകരവുമായ വസ്‌തുക്കൾ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് പൗരൻമാരാണ് ജീവനക്കാർ.
20 വർഷം പഴക്കമുള്ള കപ്പലിന് 270 മീറ്റർ നീളമുണ്ട്. ഏഴാം തീയതി കൊളംബോയിൽ നിന്ന് പുറപ്പെട്ട കപ്പൽ പത്തിന് രാവിലെ ഒമ്പതരയോടെ മുംബൈയിൽ ജവഹർലാൽ നെഹ്‌റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലിൽ 650ഓളം കണ്ടെയ്‌നറുകൾ ഉണ്ടെന്നാണ് സൂചന. ബേപ്പൂരിൽ നിന്ന് 72 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പൽ ഉള്ളതെന്നാണ് കോസ്‌റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരം.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!








































