കൊച്ചി: കേരളാ കോൺഗ്രസ് പി.സി തോമസ് വിഭാഗം എൻഡിഎ വിട്ട് യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണമെന്ന യുഡിഎഫിന്റെ ആവശ്യം തോമസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് നേത്യത്വവുമായി ചർച്ച നടത്തും. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് (എ) മുന്നണി വിട്ട സാഹചര്യത്തിൽ പി.സി തോമസിന്റെ വരവ് മധ്യകേരളത്തിൽ ഗുണം ചെയ്യുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു.
എൻഡിഎയിൽ അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് കഴിഞ്ഞ ദിവസം പി.സി തോമസ് പ്രസ്‌താവിച്ചിരുന്നു. ഇത് മുന്നണി പ്രവേശത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. കാര്യമായ ഉപാധികളില്ലാതെ മുന്നണിയിലേക്ക് വരാൻ തോമസ് സമ്മതിച്ചതോടെയാണ് സ്വീകരിക്കാൻ യുഡിഎഫ് തയാറായത്. ഇതുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചകൾ ഉണ്ടായിട്ടില്ലെങ്കിലും കോൺഗ്രസിന്റെ പ്രധാന നേതാക്കളുമായി തോമസ് ഫോണിൽ സംസാരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ നേരിട്ടെത്തി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: ഉദയം പദ്ധതി: അംഗീകാരത്തിനായി ഉടന്‍ നടപടി സ്വീകരിക്കും; മന്ത്രി
എൻഡിഎ വാഗ്‌ദാനം ചെയ്‌ത ബോർഡ് കോർപറേഷൻ സ്‌ഥാനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് മുന്നണി മാറാൻ തോമസ് തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ധാരണ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് യുഡിഎഫ് വാഗ്‌ദാനം ചെയ്‌തെന്നും സൂചനയുണ്ട്.







































