ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ തുടരുന്നു. ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. അതിനിടെ, പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം ഇറാൻ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
വിവിധയിടങ്ങളിൽ അപകട സൈറണുകൾ മുഴങ്ങി. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ആറുപേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. വടക്കൻ ഇസ്രയേലിലെ ഫൈഫയിൽ കെട്ടിടത്തിൽ മിസൈൽ വീണാണ് അഞ്ചുപേർ മരിച്ചത്. ടെൽഅവീവിലുണ്ടായ ആക്രമണത്തിൽ 60 വയസുള്ള സ്‌ത്രീ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു.
ആക്രമണം നടന്ന സ്‌ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല. അപകട സൈറണുകൾ തുടർച്ചയായി മുഴങ്ങിയതിനെ തുടർന്ന് ജനങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മിസൈലുകൾ തടയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ആക്രമണം തുടരുമെന്നാണ് ഇരു രാജ്യങ്ങളും വ്യക്‌തമാക്കുന്നത്.
അതിനിടെ, ഇറാനെതിരെ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതിൽ നിന്ന് ഇസ്രയേൽ യുദ്ധവിമാനങ്ങളെ തടയണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഫോണിൽ സംസാരിച്ചു. ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ പുട്ടിൻ അപലപിച്ചു. ടെഹ്റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യംവെച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട് ചെയ്‌തു.
അതേസമയം, ഇറാന്റെ കെർമൻഷാ പ്രവിശ്യയിലെ സൈനിക താവളത്തിൽ സ്‌ഫോടനം നടന്നതായും സൂചനയുണ്ട്. അതിനിടെ, ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഇറാന്റെ നതാൻസ് യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രത്തിൽ നാശനഷ്‌ടങ്ങൾ ഉണ്ടായതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. മാക്‌സർ ടെക്‌നോളജിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!








































