ടെഹ്‌റാൻ: ഇസ്രയേലിലെ സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്‌ടറേറ്റും ടെൽ അവീവിലെ മൊസാദ് ഓപ്പറേഷൻ സെന്ററും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്‌ച പുലർച്ചെ ആയിരുന്നു ആക്രമണമെന്നാണ് ഇറാൻ വ്യക്‌തമാക്കിയത്.
മൊസാദ് ആസ്‌ഥാനം തീപിടിച്ച നിലയിൽ എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, ആക്രമണം ഇസ്രയേൽ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. അതിനിടെ, ഇറാൻ ഇതുവരെ 400ഓളം ബാലിസ്‌റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ അധികൃതർ സ്‌ഥിരീകരിച്ചു.
ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്‌മാനിയെ വധിച്ചതായും ഇസ്രയേൽ അറിയിച്ചു. ടെഹ്റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്‌മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷദ്‌മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്.
അതേസമയം, ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് ടെഹ്റാനിൽ രണ്ട് ഉഗ്രസ്‌ഫോടനങ്ങളുടെ ശബ്‌ദം മുഴങ്ങിയതായാണ് വിവരം. ഇറാനിയൻ സ്‌റ്റേറ്റ് ടെലിവിഷൻ ആസ്‌ഥാനത്തിനും മറ്റു സർക്കാർ ഓഫീസുകൾക്കും സമീപം നഗരത്തിന്റെ വടക്കൻ ഭാഗത്ത് നിന്ന് കറുത്ത പുക ഉയർന്നു. ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇതുവരെ 452 പേർ മരിച്ചതായും 646 പേർക്ക് പരിക്കേറ്റതായുമാണ് അനൗദ്യോഗിക റിപ്പോർട്.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം







































