വാഷിങ്ടൻ: മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിക്കാനുള്ള നടപടി തുടങ്ങി യുഎസ്. ഇസ്രയേൽ-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസിന്റെ നീക്കം. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്.
ഇതിൽ ഇറാഖ്, ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥിരം കേന്ദ്രങ്ങളും ഉൾപ്പെടും. കുവൈത്തിലുള്ള 5 കേന്ദ്രങ്ങളിലായി 13,500 സൈനികർക്കുള്ള സൗകര്യമുണ്ട്. മധ്യേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയർബേസായ ഖത്തർ അൽ ഉദൈദ് എയർബേസിൽ 10, 000 സൈനികരും ബി52, എഫ്15, എഫ്16 എന്നിവയടക്കം നൂറുകണക്കിന് പോർവിമാനങ്ങളും ബോംബേറുകളുമുണ്ട്.
യുഎഇയിൽ 3500, ഇറാഖിൽ 2500 എന്നിങ്ങനെയാണ് യുഎസ് സൈനികരുടെ എണ്ണം. ബഹ്റൈനിലെ മനാമയിൽ 9000 സൈനികരുണ്ട്. യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ കേന്ദ്രമായ ഇവിടെ നിന്നാണ് ചെങ്കടൽ, പേർഷ്യൻ ഗൾഫ്, അറബിക്കടൽ എന്നിവിടങ്ങളിലെ വിമാനവാഹിനി കപ്പലുകളും മുങ്ങിക്കപ്പലുകളും മിസൈൽവേധക്കപ്പലുകളും നിയന്ത്രിക്കുന്നത്.
എഫ് 16, 22, 35 ഗണത്തിലുള്ള കൂടുതൽ വിമാനങ്ങൾ ഉടൻ എത്തിക്കുമെന്നാണ് വിവരം. യുഎസിൽ നിന്ന് യൂറോപ്പിലേക്ക് 30 യുദ്ധവിമാനങ്ങൾ എത്തിച്ചിട്ടുണ്ട്. ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും മേഖലയിൽ എത്തിച്ചിട്ടുണ്ട്. യുഎസ്എസ് ദ് സള്ളിവൻസ്, ആർലിങ് ബുർക് എന്നീ യുദ്ധക്കപ്പലുകൾ ഇറാൻ ഇസ്രയേലിലേക്ക് വിടുന്ന ബാലിസ്റ്റിക് മിസൈലുകൾ തകർക്കാനുണ്ടായിരുന്നു.
അതേസമയം, ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ യുഎസ് പങ്കാളിയാകുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ യുഎസ് പ്രസ് സെക്രട്ടറി കരോലിൻ ലേവിറ്റാണ് ട്രംപിന്റെ സന്ദേശം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ







































