ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷം അതിരൂക്ഷമായി തുടരവേ, തന്റെ പിൻഗാമികൾ ആകേണ്ടവരുടെ പട്ടിക മുന്നോട്ടുവെച്ചു ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേലിന്റെ വധഭീഷണിക്കിടെയാണ് ഖമനയിയുടെ നീക്കം. അതേസമയം, പട്ടികയിൽ ഖമനയിയുടെ മകൻ മോജ്തബയുടെ പേര് ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, മൂന്ന് പുരോഹിതൻമാരുടെ പേര് പട്ടികയിൽ ഉണ്ടെന്നാണ് സൂചന. പിൻഗാമികളുടെ പട്ടികയ്ക്ക് പുറമെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാർക്ക് പകരക്കാരെ നിയമിക്കാനും ഖമനയി നീക്കം തുടങ്ങിയിട്ടുണ്ട്. മേഖലയിൽ സംഘർഷ സാധ്യത തുടരുന്നതിനാൽ 86 വയസുകാരനായ ഖമനയി നിലവിൽ ബങ്കറിൽ അഭയം തേടിയിരിക്കുകയാണെന്നാണ് വിവരം.
നേരത്തെ, മകനെ ഖമനയിയുടെ പിൻഗാമിയാക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അതിനെ തള്ളിക്കളയുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന വൈദിക സമിതിയായ അസംബ്ളി ഓഫ് എക്സ്പെർട്ടിനോട്, താൻ മുന്നോട്ടുവെച്ചിരിക്കുന്ന മൂന്ന് പേരുകളിൽ നിന്ന് ഉചിതമായ വ്യക്തിയെ വേഗത്തിൽ കണ്ടെത്താൻ ഖമനയി നിർദ്ദേശിച്ചതായും സൂചനയുണ്ട്.
സാധാരണ ഇറാനിലെ പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മാസങ്ങൾ എടുക്കും. നീണ്ട ചർച്ചകൾക്ക് ശേഷമാണ് പരമോന്നത നേതാവിനെ വൈദിക സമിതി തിരഞ്ഞെടുക്കുക. എന്നാൽ, രാജ്യം അടിയന്തിര ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ വേഗത്തിലുള്ള തീരുമാനം എടുക്കണമെന്നാണ് ഖമനയിയുടെ നിർദ്ദേശം.
Most Read| അഹമ്മദാബാദ് വിമാനാപകടം; മൂന്ന് ഉദ്യോഗസ്ഥരെ നീക്കം ചെയ്യാൻ നിർദ്ദേശം








































