വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്ന് വൈകീട്ട് നാലുമണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്‌തത്. നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു. ഡോക്കിങ് പ്രക്രിയ പൂർത്തിയായി. ഇനി ഇരു പേടകങ്ങളിലെയും മർദ്ദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ച്ചർ ആണ് നടക്കേണ്ടത്.
ഇനി ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം മാത്രമേ യാത്രികർ ഡ്രാഗൺ പേടകത്തിൽ നിന്ന് നിലയത്തിലേക്ക് പ്രവേശിക്കുകയുള്ളൂ. 28.5 മണിക്കൂർ സഞ്ചരിച്ചാണ് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്നത്. 14 ദിവസമാണ് സംഘം നിലയത്തിൽ കഴിഞ്ഞ് പരീക്ഷണങ്ങൾ നടത്തുക. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ളയാണ്.
യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണൻ, സ്ളാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്‌ച ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.01നായിരുന്നു ആക്‌സിയോം-4ന്റെ വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 ബ്ളോക്ക് 5 റോക്കറ്റാണ് നാല് യാത്രികരുമായി കുതിച്ചുയർന്നത്. ഈ റോക്കറ്റിന്റെ മുകളിൽ ഘടിപ്പിച്ചുള്ള ഡ്രാഗൺ സി 213 പേടകത്തിലാണ് യാത്രാസംഘമുള്ളത്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രാ ദൗത്യമാണിത്. നേരത്തെ, ആറുതവണയാണ് ദൗത്യം മാറ്റിവെച്ചത്. മേയ് 29നായിരുന്നു യഥാർഥത്തിൽ വിക്ഷേപണം നടത്താൻ നിശ്‌ചയിച്ചിരുന്നത്. എന്നാൽ, സാങ്കേതിക തടസങ്ങളെ തുടർന്ന് പല ദിവസങ്ങളിലായി മാറ്റിവെച്ച ദൗത്യം ഇന്നലേക്ക് നിശ്‌ചയിക്കുകയായിരുന്നു. ശുഭാംശുവിന്റെ യാത്രയ്‌ക്കായി 500 കോടി രൂപയാണ് ഇന്ത്യ ചിലവഴിച്ചിരിക്കുന്നത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!