കൊൽക്കത്ത: തെക്കൻ കൊൽക്കത്തയിലെ ലോ കോളേജിൽ 24-കാരിയായ നിയമവിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കോളേജിലെ രണ്ട് വിദ്യാർഥികളും ഒരു പൂർവ വിദ്യാർഥിയുമാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 7.30നും 8.50നും ഇടയിലാണ് സംഭവം.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മൊനോജിത് മിശ്ര, സെയ്ബ് മുഹമ്മദ്, പ്രമിത് മുഖർജി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതി മൊനോജിത് മിശ്രയുടെ വിവാഹാഭ്യർഥന നിരസിച്ചതിന് പിന്നാലെയാണ് തനിക്ക് കൊടുംക്രൂരത നേരിടേണ്ടി വന്നതെന്നാണ് വിദ്യാർഥിനി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ തൃണമൂൽ ഛത്രപരിഷതിന്റെ (ടിഎംസിപി) സൗത്ത് കൊൽക്കത്ത ജില്ലാ യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയാണ് മൊനോജിത്. മറ്റു രണ്ടുപേരും വിദ്യാർഥികളാണ്. മൊനോജിത് തന്നെ വിവാഹത്തിന് നിർബന്ധിച്ചിരുന്നെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു. എന്നാൽ, മറ്റൊരാളുമായി പ്രണയത്തിലായതിനാൽ വിവാഹാഭ്യർഥന നിരസിച്ചു. ഇതേത്തുടർന്ന് മാതാപിതാക്കളെ വ്യാജ കേസുകളിൽ കുടുക്കുമെന്നും ആൺസുഹൃത്തിനെ ഉപദ്രവിക്കുമെന്നും മോനോജിത് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി.
സംഭവ ദിവസം മൂവരും ചേർന്ന് ഗാർഡ് റൂമിൽ തടഞ്ഞുനിർത്തുകയും ബലാൽസംഗത്തിന് ശ്രമിക്കുകയും ചെയ്തു. മൊനോജിത്തിന്റെ കാലുപിടിച്ച് അപേക്ഷിച്ചിട്ടും വെറുതെവിടാൻ കൂട്ടാക്കിയില്ലെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. സംഭവത്തിനിടെ പാനിക്ക് അറ്റാക്ക് ഉണ്ടാവുകയും ശ്വാസതടസം നേരിടുകയും ചെയ്തു. ആശുപത്രിയിൽ എത്തിക്കാൻ അഭ്യർഥിച്ചെങ്കിലും പ്രതികൾ അതിന് തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.
ഏറെ ചർച്ചയായ ആർജി കർ മെഡിക്കൽ കോളേജിലെ ബലാൽസംഗ കൊലപാതകം നടന്ന് പത്തുമാസത്തിന് ശേഷമാണ് കൊൽക്കത്തയിൽ നിന്ന് അതിക്രൂരമായ മറ്റൊരു ബലാൽസംഗ കേസും റിപ്പോർട് ചെയ്യുന്നത്. സംഭവത്തിൽ ഇതിനകം തന്നെ മമതാ ബാനർജിക്കും ടിഎംസിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
Most Read| ആക്സിയോം-4 ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു; ഇന്ത്യക്ക് അഭിമാന നിമിഷം