വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ കോൺഗ്രസ് പാസാക്കി. ബിൽ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. റിപ്പബ്ളിക്കൻ പാർട്ടിയിലെ ഭിന്നത മറികടന്ന് 214നെതിരെ 218 വോട്ട് നേടിയാണ് ട്രംപ് തന്റെ സ്വപ്‌ന ബിൽ പാസാക്കിയെടുത്തത്. ഇരു സഭകളും പാസാക്കിയ ബിൽ പ്രസിഡണ്ട് ഒപ്പിടുന്നതോടെ നിയമമാകും. ബില്ലിൽ ഇന്ന് ട്രംപ് ഒപ്പുവയ്‌ക്കും.
കുടിയേറ്റവിരുദ്ധ നടപടികൾക്ക് വൻതുക ചിലവിടാൻ വ്യവസ്‌ഥ ചെയ്യുന്നതാണ് ബിൽ. 2017ൽ ആദ്യമായി പ്രസിഡണ്ടായപ്പോൾ കൊണ്ടുവന്ന താൽക്കാലിക നികുതി നിർദ്ദേശങ്ങൾ സ്‌ഥിരമാക്കാനും 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നോട്ടുവെച്ച വാഗ്‌ദാനങ്ങളുമായി മുന്നോട്ടുപോകാനും ഇതോടെ ട്രംപിന് കഴിയും.
ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗങ്ങളിലെ വിഹിതം വെട്ടികുറയ്‌ക്കുകയും പ്രകൃതിസൗഹൃദ ഊർജ പദ്ധതികൾക്കുള്ള ഇളവുകൾ നിർത്തലാക്കുകയും ചെയ്യും. നേരത്തെ, ബില്ലിലെ നിർദ്ദേശങ്ങൾക്ക് എതിരെ സ്‌പേസ് എക്‌സ് ഉടമയും ട്രംപിന്റെ സുഹൃത്തുമായ ഇലോൺ മസ്‌ക് പരസ്യമായി രംഗത്തെത്തിയിരുന്നു. ചരിത്രപരമായ നേട്ടം എന്നായിരുന്നു ബിൽ യുഎസ് കോൺഗ്രസിൽ പാസായതിന് പിന്നാലെ ട്രംപ് പ്രതികരിച്ചത്. ക്രൂരമായ ബജറ്റ് ബിൽ എന്നാണ് മുൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രതികരിച്ചത്.
Most Read| ഇന്ത്യ- യുഎസ് വ്യാപാരക്കരാർ; 48 മണിക്കൂറിനുള്ളിൽ ഒപ്പുവയ്‌ക്കുമെന്ന് റിപ്പോർട്