
കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായി യുവാക്കൾ. ബാലുശ്ശേരി എകരൂർ വള്ളിയോത്ത് സ്വദേശികളായ അസ്ബാൻ കെകെ, തോരക്കാട്ടിൽ ഷുഹൈബ് എന്നിവരാണ് നാടിന് മാതൃകയായത്. ജൂൺ 30നായിരുന്നു സംഭവം.
പനായി-നൻമണ്ട റോഡിലൂടെ കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് വാഹനം പരിശോധിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് റോഡരികിൽ നിന്ന് നാലേമുക്കാൽ പവന്റെ സ്വർണാഭരണം കളഞ്ഞുകിട്ടിയത്. കാറിന്റെ ഡോർ തുറന്ന് ഇറങ്ങുന്ന ഭാഗത്തായിരുന്നു സോക്സും ആഭരണങ്ങളും കണ്ടത്. ഉടൻ തന്നെ ഇരുവരും സ്വർണാഭരണം ബാലുശ്ശേരി സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സാമൂഹിക മാദ്ധ്യമങ്ങൾ വഴി അറിയിപ്പ് നൽകി. ഇതോടെ ആഭരണത്തിന്റെ ഉടമ തെളിവ് സഹിതം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാറിൽ നാട്ടിലേക്ക് പോവുകയായിരുന്ന കുടുംബത്തിലെ യുവതിയുടെ പാദസരങ്ങളാണ് നഷ്ടപ്പെട്ടത്. വീട്ടിലെത്തിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരം കുടുംബം അറിയുന്നത്.
വിമാനത്താവളത്തിൽ നഷ്ടപ്പെട്ടുപോയെന്ന് കരുതി വിഷമിച്ചിരിക്കുമ്പോഴാണ് ബാലുശ്ശേരി പോലീസിന്റെ അറിയിപ്പ് കണ്ടത്. ഉടനെ ഇവർ സ്റ്റേഷനിൽ എത്തി. ഷുഹൈബിനെയും അസ്ബാനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇൻസ്പെക്ടർ ടിപി ദിനേശിന്റെ സാന്നിധ്യത്തിൽ ഇരുവരും ആഭരണം യുവതിക്ക് കൈമാറി.
നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണാഭരണം തിരികെ ലഭിച്ചതിന്റെ സന്തോഷവും നന്ദിയും യുവാക്കളെയും പോലീസിനെയും അറിയിച്ചാണ് യുവതിയും കുടുംബവും മടങ്ങിയത്. നാലുലക്ഷം രൂപയോളം വിലയുള്ള ആഭരണം ഉടമയ്ക്ക് തിരികെ നൽകിയ യുവാക്കളെ സിഐ ടിപി ദിനേശൻ അഭിനന്ദിച്ചു. കൂടാതെ നാട്ടുകാരും ഇവർക്ക് അഭിനന്ദനം അറിയിക്കുകയാണ്. പ്രവാസികളായിരുന്ന ഇവർ നാട്ടിലെത്തി വണ്ടിക്കച്ചവടം നടത്തിവരികയാണ്.
Most Read| പായ്വഞ്ചിയിൽ 40,000 കിലോമീറ്റർ, സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും