തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പലയിടത്തും പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. കോഴിക്കോട് നടക്കാവിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കി. പത്തനംതിട്ട അങ്ങാടിക്കലിലുള്ള വീണാ ജോർജിന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി.
വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ച വനിതകൾ ഉൾപ്പടെയുള്ള പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വീടിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ പ്രവത്തകർ ശ്രമിച്ചു. കാസർഗോഡ് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരുവനന്തപുരത്ത് വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ഒന്നിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു.
പാലക്കാട് കലക്‌ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രവർത്തകർ പോലീസിനെ മറികടന്ന് കലക്‌ട്രേറ്റ് വളപ്പിലേക്ക് കടന്നു. പോലീസ് ലാത്തിവീശി. പല പ്രവർത്തകർക്കും പരിക്കേറ്റു. പോലീസ് പിന്നീട് ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. കൊല്ലത്ത് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. അങ്കമാലിയിൽ മന്ത്രി വിഎൻ വാസവനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി. വയനാട് മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ചു.
Most Read| വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രയേലും യുഎസും