തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉൽഘാടനത്തിനാണ് അമിത് ഷാ തലസ്ഥാനത്ത് എത്തുന്നത്. ഇന്ന് രാവിലെ 11നാണ് ഓഫീസ് ഉൽഘാടനം. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇന്ന് ഓഫീസ് മന്ദിരത്തിൽ പതാക ഉയർത്തുന്ന അമിത് ഷാ വളപ്പിൽ ചെമ്പകതൈ നടും. തുടർന്ന് നാടമുറിച്ച് കെട്ടിടത്തിൽ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉൽഘാടനം നിർവഹിക്കും. ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെജി മാരാരുടെ വെങ്കല പ്രതിമ അമിത് ഷാ അനാവരണം ചെയ്യും. തുടർന്ന് 11.30ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമം ഉൽഘാടനം ചെയ്യും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃസംഗമത്തിന് എത്തുന്നത്. മറ്റ് പത്ത് ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള നേതാക്കളും വെർച്വലായി പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേർ വെർച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്നും നേതൃത്വം അറിയിച്ചു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!