കോഴിക്കോട്: ഷിരൂരിലെ ഗംഗാവലി പുഴയിൽ പൊലിഞ്ഞ അർജുന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. കഴിഞ്ഞവർഷം ജൂലൈ 16നായിരുന്നു കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായതും, വഴിയരികിൽ ലോറിയിൽ വിശ്രമിക്കുകയായിരുന്ന അർജുനെ കാണാതാവുകയും ചെയ്‌തത്.
മലയാളികൾ ഒന്നടങ്കം അർജുൻ തിരികെ വരുമെന്ന പ്രതീക്ഷയോടെ ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്‌തംബർ 25ന് വൈകിട്ടോടെ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് ലഭിച്ചു. മലയാളികളുടെ പ്രതീക്ഷകൾ വറ്റി കണ്ണീർ പൊഴിഞ്ഞ നിമിഷമായിരുന്നു അത്.
കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴി സ്വദേശിയാണ് അർജുൻ (32). ഷിരൂരിലെ ദേശീയ പാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസന്തങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞ് വീണ ദേശീയ പാതയിലുമാണ് തിരച്ചിൽ നടത്തിയിരുന്നത്.
എട്ടാം ദിവസമാണ് തിരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. അതും അർജുന്റെ കുടുംബം ആവശ്യപ്പെട്ടത് പ്രകാരം. പലതവണ നിർത്തിവെച്ച തിരച്ചിൽ വീണ്ടും പുനരാരംഭിക്കാനും അർജുനെ കണ്ടെത്താനും ഒരു ജനസമൂഹം ഒന്നടങ്കം പരിശ്രമിച്ചു. ഒടുവിൽ 72ആം ദിവസം അർജുന്റെ ലോറിയും മൃതദേഹവും പുഴയിൽ നിന്ന് ലഭിച്ചു.
കരയിൽ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി. കാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു അർജുൻ. മണ്ണിടിച്ചിലുണ്ടായി എട്ടാം ദിവസം തന്നെ ലോറി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് നേവിയുടെ റഡാർ, സോണർ സിഗ്‌നൽ പരിശോധനകളിലൂടെ സ്‌ഥിരീകരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. നേവി അടയാളപ്പെടുത്തി നൽകിയ നാല് പോയിന്റുകളിൽ രണ്ടാം പോയിന്റിലാണ് ലോറി കണ്ടെത്തിയത്.
ജൂലൈ എട്ടിനാണ് കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് അർജുൻ ലോറിയുമായി പോയത്. ഏവരുടെയും പ്രതീക്ഷകൾ തകർത്ത യാത്രയായിരുന്നു അത്. അപകടം നടന്ന ദിവസം പുലർച്ചെ അർജുൻ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഒടുവിൽ 72 രാപ്പലുകൾക്കപ്പുറം സെപ്‌തംബർ 28ന് അർജുൻ സ്വന്തം വീട്ടുവളപ്പിൽ എരിഞ്ഞടങ്ങി. കേരള ജനത മുഴുവൻ കണ്ണീർ പൊഴിച്ചു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!