ന്യൂഡെൽഹി: രാജ്യത്തെ നടക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകര സംഘടനയായ ദ് റസിസ്‌റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. ലഷ്‌കറെ ത്വയിബയുമായി ബന്ധമുള്ള സംഘടനയായാണ് ടിആർഎഫ് അറിയപ്പെടുന്നത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മുംബൈ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണ് പഹൽഗാമിലെതെന്നും ഇന്ത്യൻ സൈന്യത്തിന് നേരെ നടത്തിയ പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ടെന്നും യുഎസ് പ്രസ്‌താവനയിൽ പറയുന്നു. ദേശീയ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കാനും ഭീകരവാദത്തെ ചെറുക്കാനും പഹൽഗാം ആക്രമണത്തിന് നീതി നടപ്പാക്കാനും ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധത വ്യക്‌തമാക്കുന്നതാണ് നടപടികളെന്നും പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്‌പ്പിൽ മലയാളി ഉൾപ്പടെ 26 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി സ്വദേശി എൻ രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര. ഒഡീഷ തുടങ്ങി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടിരുന്നു. 20 പേർക്ക് പരിക്കേറ്റു.
ദക്ഷിണ കശ്‌മീരിൽ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദ സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. പാക്കിസ്‌ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തി ഇന്ത്യ നശിപ്പിച്ചിരുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!