ക്വാലലംപുർ: വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ടീമുകൾ പങ്കെടുക്കുന്ന ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും. കഴിഞ്ഞദിവസം സിംഗപ്പൂരിൽ സമാപിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വാർഷിക സമ്മേളനത്തിൽ ടൂർണമെന്റ് പുനരാരംഭിക്കാൻ തീരുമാനിച്ചതായി വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇന്ത്യ, ഇംഗ്ളണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ അനുകൂല സമീപനം സ്വീകരിച്ചതായാണ് വിവരം. എന്നാൽ, ടൂർണമെന്റ് ഈവർഷം പുനരാരംഭിക്കുകയോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ഐസിസി നിയുക്‌ത സിഇഒ സൻജോഗ് ഗുപ്‌തയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം.
2014ലായിരുന്നു ചാംപ്യൻസ് ലീഗ് അവസാനമായി നടന്നത്. അന്ന് ഇന്ത്യയിൽ നടന്ന ടൂർണമെന്റിൽ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്‌സാണ് വിജയികളായത്. അതേസമയം, റാങ്കിങ്ങിൽ മുന്നിലുള്ള ടീമുകൾക്ക് പ്രാധാന്യം നൽകുന്ന ദ്വിതല ടെസ്‌റ്റ് സംവിധാനവുമായി മുന്നോട്ട് പോകാനാണ് ഐസിസിയുടെ തീരുമാനം. നിലവിൽ 9 ടീമുകളാണ് ടെസ്‌റ്റ് ചാംപ്യൻഷിപ്പിൽ കളിക്കുന്നത്. ഇത് 12 ആയി ഉയർത്തും.
ഇവരെ 6 ടീമുകൾ വീതം രണ്ട് ഗ്രൂപ്പുകളാക്കും. പ്രകടനം അനുസരിച്ചു ടീമുകൾക്ക് പ്രമോഷനും തരംതാഴ്‌ത്തലും ഉണ്ടാകും. ടൂർണമെന്റിന്റെ അന്തിമഘടന ഈവർഷം അവസാനത്തോടെ തീരുമാനിക്കും. അടുത്ത മൂന്ന് ടെസ്‌റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകൾക്കും ഇംഗ്ളണ്ട് തന്നെ വേദിയാകുമെന്നും ഐസിസി അറിയിച്ചു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!






































