തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി സർക്കാർ മുന്നോട്ട്. വിഷയത്തിൽ സമസ്‌തയുടെ എതിർപ്പ് സർക്കാർ തള്ളി. സംസ്‌ഥാനത്ത് നടപ്പാക്കിയ സ്‌കൂൾ സമയമാറ്റം ഈ അധ്യയനവർഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവിധ മത സംഘടനകളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ എടുത്ത തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ഇത് സംബന്ധിച്ച സർക്കാർ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്‌തുവെന്നും മന്ത്രി പറഞ്ഞു.
ചിലർ അഭിപ്രായ വ്യത്യാസം അറിയിച്ചു. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. രാവിലെ പത്തിന് തുടങ്ങുന്ന ക്ളാസുകൾ 9.45ന് ആരംഭിക്കുന്നുവെന്ന് മാത്രമേ ഉള്ളൂ. സമസ്‌തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും പരാതി അടുത്തവർഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സമസ്‌തയ്‌ക്ക് ഇത് സംബന്ധിച്ച് ഒരുതരത്തിലുള്ള ഉറപ്പും നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സിഎംഎസ്, കെപിഎസ്എംഎ, എയ്‌ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ, മദ്റസാ ബോർഡ്, മുസ്‌ലിം എഡ്യൂക്കേഷൻസ് സൊസൈറ്റി, എൽഎംഎസ്, എസ്എൻ ട്രസ്‌റ്റ് സ്‌കൂൾസ്, എസ്എൻഡിപി യോഗം സ്‌കൂൾസ്, കേരള എയ്‌ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ, സമസ്‌ത ഇകെ വിഭാഗം, എപി വിഭാഗം, എൻഎസ്എസ് എന്നീ സംഘടനകളുമായാണ് മന്ത്രി നടത്തിയത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം പഠനസമയം അരമണിക്കൂർ വർധിപ്പിച്ചതാണ് സംഘടനകളുടെ എതിർപ്പിനിടയാക്കിയത്. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ക്ളാസ് നടത്താനുള്ള തീരുമാനം മതപഠനത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്‌ത ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
എട്ടുമുതൽ പത്താം ക്‌ളാസുവരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂർ കൂടി വർധിപ്പിച്ച് കഴിഞ്ഞമാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്‌ക്ക് ശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വർധിപ്പിച്ചത്. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം.
Most Read| ദിവസവും 7000 ചുവടുകൾ നടന്നാൽ മതി, മരണസാധ്യത കുറയും! പുതിയ പഠനം പറയുന്നത്