തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്‌തമായ മഴയ്‌ക്കും 29 വരെ ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും ആയിരിക്കും.
നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും ആയിരിക്കും. സംസ്‌ഥാനത്ത് പലയിടത്തും കനത്ത കാറ്റും മഴയും തുടരുകയാണ്. കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നൽച്ചുഴലിയുണ്ടായി. പ്രദേശത്ത് കനത്ത കൃഷിനാശവും ഉണ്ടായി.
കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു. ജാർഖണ്ഡിലെ തീവ്ര ന്യൂനമർദ്ദത്തെ തുടർന്ന് ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ്ദ പാത്തി സ്‌ഥിതി ചെയ്യുന്നതിന്റെ ഭാഗമായാണ് മഴ തുടരുന്നത്. കേരള തീരത്ത് കാലാവർഷക്കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗം പ്രാപിച്ചു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!