ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ചകൾ കൊഴുക്കുന്നു. ഇന്ത്യൻ ആയുധങ്ങൾ പാക്ക് ആയുധങ്ങളുടെ ശേഷിയെ തുറന്ന് കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പറഞ്ഞു. ഇന്ത്യൻ സേന പാക്ക് ഭീകര കേന്ദ്രങ്ങൾ തകർത്തു. പാക്കിസ്‌ഥാന്റെ ആണവ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് നാം തെളിയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാക്ക് വ്യോമസേനാ താവളങ്ങൾ ഇപ്പോഴും ഐസിയുവിലാണ്. എപ്പോൾ, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. 22 മിനിറ്റിൽ പഹൽഗാം ആക്രമണത്തിന് മറുപടി നൽകി. പാക്കിസ്‌ഥാന് ഒന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ മുൻപും പലതവണ സംഘർഷം ഉണ്ടായിട്ടുണ്ട്. പക്ഷേ, പാക്കിസ്‌ഥാന്റെ ഉള്ളിൽ കടന്ന് കനത്ത ആക്രമണം നടത്തുന്നത് ആദ്യമാണ്. പാക്കിസ്‌ഥാന് ചിന്തിക്കാൻ പോലും കഴിയാത്ത സ്‌ഥലങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. പാക്കിസ്‌ഥാന്റെ ആണവ വെല്ലുവിളി വെറുതെയാണെന്നും ഇനി അത്തരം ഭീഷണി നടക്കില്ലെന്നും ഇന്ത്യ തെളിയിച്ചു.
സംഘർഷത്തിൽ ആധുനിക സാങ്കേതികവിദ്യയും രാജ്യം പ്രയോഗിച്ചു. ഇന്ത്യയുടെ ശക്‌തി ലോകം അറിഞ്ഞു. ഇന്ത്യൻ നിർമിത ഡ്രോണുകളും മിസൈലുകളും പാക്കിസ്‌ഥാന് വലിയ നഷ്‌ടമുണ്ടാക്കി. നമുക്ക് മറ്റ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാൽ, കോൺഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം 100 ശതമാനം ലക്ഷ്യം നേടി. തീവ്രവാദത്തെ തകർക്കുമെന്ന പ്രഖ്യാപനം നടപ്പാക്കി. പാക്കിസ്‌ഥാന് വർഷങ്ങളോളം ഓർമിക്കാവുന്ന പ്രഹരം നൽകി. ഇനി ആക്രമിക്കരുതെന്ന് പാക്കിസ്‌ഥാൻ ഡിജിഎംഒ ഫോൺ വിളിച്ച് അഭ്യർഥിച്ചു. ഒരു നേതാവും ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ പറഞ്ഞിട്ടില്ല.
മേയ് ഒമ്പതിന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ് എന്നെ വിളിച്ചിരുന്നു. ഞാൻ സൈനിക യോഗത്തിലായിരുന്നു. ഫോൺ എടുക്കാൻ കഴിഞ്ഞില്ല. പിന്നീട് തിരിച്ച് വിളിച്ചു. പാക്കിസ്‌ഥാൻ കനത്ത ആക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അവർ ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് മറുപടി നൽകി. വെടിയുണ്ടയ്‌ക്ക് മറുപടി വെടിയുണ്ടയിലൂടെ നൽകുമെന്നും പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. ഇനിയും സാഹസത്തിന് പാകിസ്‌ഥാൻ മുതിർന്നാൽ കനത്ത തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി സ്വന്തം പ്രതിച്‌ഛായ സംരക്ഷിക്കാൻ സൈന്യത്തെ ഉപയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 30 മിനിറ്റിനുള്ളിലെ കീഴടങ്ങലാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നും രാഹുൽ ആരോപിച്ചു.

ആക്രമിക്കുന്ന കാര്യം പാക്കിസ്‌ഥാനെ മുൻകൂട്ടി അറിയിച്ചു. ഒരിക്കൽ അക്രമിച്ചെന്നും ഇനി ആക്രമണം നടത്തില്ലെന്നും പാക്കിസ്‌ഥാനോട് പറഞ്ഞു. കാരണം, ഈ നടപടിയുടെ ലക്ഷ്യം പ്രധാനമന്ത്രിയുടെ പ്രതിച്‌ഛായ സംരക്ഷിക്കുകയായിരുന്നു. സ്വന്തം പ്രതിച്‌ഛായ സംരക്ഷിക്കാൻ പ്രധാനമന്ത്രി വ്യോമസേനയെ ഉപയോഗിച്ചതായും രാഹുൽ ആരോപിച്ചു.
ഇന്ത്യ-പാക്ക് വെടിനിർത്തലിന് മധ്യസ്‌ഥത വഹിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 29 തവണയാണ് പറഞ്ഞത്. ട്രംപ് കള്ളം പറയുകയാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധിയും പാർലമെന്റിൽ രൂക്ഷവിമർശനം നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ചർച്ചയിൽ പങ്കെടുത്തിരുന്നു.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം







































