മോസ്‌കോ: അതിശക്‌തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമി തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്. റഷ്യയിലെ സെവേറോ-കുറിൽസ്‌ക് മേഖലയിൽ സുനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ കാംചത്‌ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണിത്.
പസഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവിസ്‌ക്- കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്ക്-കിഴക്കായി 126 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. റഷ്യയിലെ കാംചത്‌ക ഉപദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് സുനാമി തിരകൾ ജപ്പാനിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സുനാമി തിരകൾ എത്തിയത്.
ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ൽ ജപ്പാനിൽ ആഞ്ഞടിച്ച സുനാമിയിൽ ആണവകേന്ദ്രം തകർന്നിരുന്നു. ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ഒഴിപ്പിക്കൽ നടപടിയും തുടങ്ങിയിട്ടുണ്ട്.
ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 20ന് റഷ്യയിൽ ഒരു മണിക്കൂറിനിടെ 5 ഭൂകമ്പമാണ് ഉണ്ടായത്. തുടർച്ചയായി ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!