വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട്. കേരളക്കരയെ പിടിച്ചുകുലുക്കി, ഒരു ദുഃസ്വപ്നം പോലെ കടന്നെത്തി ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ… ഇന്നും ഒരു തീരാനോവാണ്. 298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ ജീവിതവുമാണ് ഉരുളെടുത്തത്. നെഞ്ചുലയ്ക്കുന്ന ദുരന്തരംഗങ്ങളും മുഖങ്ങളുമൊന്നും മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല.
ദുരന്തത്തിൽ നിന്ന് കരകയറാൻ കേരളം ഒറ്റക്കെട്ടായി കൈകോർത്തു. ദുരന്തമേഖലയിൽ കരുതലും സ്നേഹവും നിറഞ്ഞു. ജീവിതം തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് ജനങ്ങൾ. പലരുടെയും ജീവിതമാർഗങ്ങൾ ഇല്ലാതായി. കിടപ്പാടം നഷ്ടമായവർ ഇപ്പോഴും വാടക കെട്ടിടങ്ങളിലാണ്.
ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുകയാണ്. 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച മാതൃകാവീട് നിർമാണം അവസാനഘട്ടത്തിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772.11 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടും ഇതുവരെ ചിലവഴിക്കാനായത് 108.19 കോടി മാത്രമാണ്.
കേന്ദ്രവും ദുരന്തബാധിതരോട് മുഖം തിരിക്കുകയാണ്. അർഹമായ തുക അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന കാലതാമസവും കടുത്ത നിബന്ധനകളും പക്ഷപാതപരമായ മാനദണ്ഡങ്ങളുമെല്ലാം നേരിട്ടാണ് പുനരധിവാസ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
ദുരന്തത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് പൂത്തുമല ഹൃദയഭൂമിയിൽ രാവിലെ പത്തിന് സർവമത പ്രാർഥനയും പുഷ്പാർച്ചനയും നടക്കും. തുടർന്ന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12ന് അനുസ്മരണ യോഗം സംഘടിപ്പിക്കും. ഹൃദയഭൂമിയിലേക്കും തിരിച്ചു മേപ്പാടി ഓഡിറ്റോറിയത്തിലേക്കും പ്രദേശവാസികൾക്ക് എത്താൻ കെഎസ്ആർടിസി സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ചടങ്ങുകളിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
Most Read| സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലകളിൽ പുതിയ കലക്ടർമാർ