കൊച്ചി: തനിക്കെതിരെയുള്ള കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. അന്വേഷണം അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
തനിക്കെതിരായ നടപടി വസ്‌തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹരജിയിൽ ശ്വേത പറയുന്നത്. രാജ്യത്ത് സെൻസർ ചെയ്‌ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ വ്യക്‌തമാക്കുന്നു. ഹരജി ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്‌ളീല സിനിമകളിൽ അഭിനയിച്ചെന്ന പരാതിയിലാണ് ശ്വേത മേനോന്റെ പേരിൽ പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ശ്വേതയ്‌ക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്.
തുടർന്ന് ഐടി നിയമത്തിലെ 67 (എ), അനാരോഗ്യ പ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരവും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ശ്വേത മേനോൻ മൽസരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ഇപ്പോഴുള്ള കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽ നിന്നുതന്നെ ഉയർന്നുവരുന്നുണ്ട്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം