മോസ്കോ: യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി ഈമാസം 15ന് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അലാസ്കയാണ് ചർച്ചയുടെ വേദി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
റഷ്യ-യുക്രൈൻ സമാധാന കരാറിനുള്ള മാനദണ്ഡങ്ങൾ പ്രധാന ചർച്ചയാകും. പത്തുവർഷത്തിന് ശേഷമാണ് റഷ്യൻ പ്രസിഡണ്ട് യുഎസ് സന്ദർശിക്കുന്നത്. കൂടിക്കാഴ്ച ഉണ്ടാകുമെന്ന് റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാഷ്ട്രത്തലവൻമാരും യുക്രൈൻ പ്രശ്നത്തിൽ സമാധാനപരമായ ഒരു ദീർഘകാല പരിഹാരത്തിലെത്താൻ ചർച്ചകൾ നടത്തുമെന്നാണ് റഷ്യൻ വക്താവ് യുറി ഉഷകോവ് വ്യക്തമാക്കിയത്.
അതിനിടെ, കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പുട്ടിൻ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി സംസാരിച്ചു. ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി പുട്ടിൻ ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും കൈവശമുള്ള സ്ഥലങ്ങൾ പരസ്പരം കൈമാറുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.
കിഴക്കൻ യുക്രൈനിലെ രണ്ട് പ്രവിശ്യകൾ റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാറാണ് യുഎസ് പിന്തുണയോടെ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, നാല് യുക്രൈൻ പ്രവിശ്യകളാണ് പുട്ടിൻ ആവശ്യപ്പെടുന്നത്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, ഖേഴ്സൻ. ഇതിന് പുറമെ 2014ൽ പിടിച്ചെടുത്ത ക്രൈമിയയും. എന്നാൽ, ഈ കരാറിന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമർ സെലൻസ്കി തയ്യാറല്ല.
ഈ സാഹചര്യത്തിൽ സാപൊറീഷ്യ, ഖേഴ്സൻ എന്നീ പ്രവിശ്യകളിൽ നിന്നും റഷ്യ സൈന്യത്തെ പിൻവലിച്ച് ധാരണയ്ക്ക് ശ്രമിക്കുമെന്നാണ് റിപ്പോർട്. 2022 ഫെബ്രുവരിയിലാണ് റഷ്യൻ സൈന്യം യുക്രൈൻ അധിനിവേശം ആരംഭിച്ചത്. ഇതുവരെ പതിനായിരക്കണക്കിന് സൈനികരാണ് ഇരുഭാഗത്തുമായി മരിച്ചുവീണത്. സാധാരണക്കാരും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകൾ യുക്രൈനിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.
Most Read| വ്യാപാര യുദ്ധവുമായി ട്രംപ്; അധിക തീരുവ ബാധിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ