ന്യൂഡെൽഹി: വ്യാപാരത്തീരുവ വിഷയത്തിൽ ഇന്ത്യ-യുഎസ് ബന്ധം വഷളായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനകൾ. ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ളിയിൽ പങ്കെടുക്കാൻ സെപ്തംബർ മാസം മോദി അമേരിക്കയിലേക്ക് പോകുമെന്നാണ് വിവരം.
ഈ സന്ദർശനത്തിൽ തീരുവ വിഷയങ്ങളിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ട്രംപിനെ കൂടാതെ യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്കിയുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സെപ്തംബറിൽ ന്യൂയോർക്കിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ളി നടക്കുന്നത്. മോഡി- ട്രംപ് കൂടിക്കാഴ്ച നടക്കുന്നപക്ഷം, ഏഴുമാസത്തിനിടെ ഇരുനേതാക്കളും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. ഇക്കൊല്ലം ഫെബ്രുവരിയിൽ ട്രംപ്-മോദി കൂടിക്കാഴ്ച വൈറ്റ് ഹൗസിൽ നടന്നിരുന്നു.
നിലവിൽ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യക്കാണ്. നേരത്തെ ചുമത്തിയ 25% തീരുവയ്ക്ക് പുറമേ വീണ്ടും 25% തീരുവ കൂടി ഇന്ത്യക്കുമേൽ ട്രംപ് ചുമത്തിയിരുന്നു. ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയിൽ നിന്ന് അവർ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാൻ പോവുകയാണ്. യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യയെന്നും ട്രംപ് വിമർശിച്ചിരുന്നു.
Most Read| ദിവസവും 7000 ചുവടുകൾ നടന്നാൽ മതി, മരണസാധ്യത കുറയും! പുതിയ പഠനം പറയുന്നത്