ന്യൂയോർക്ക്: വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്താനൊരുങ്ങുന്ന അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എണ്ണ ഉപഭോക്‌താവായ ഇന്ത്യയെ റഷ്യയ്‌ക്ക് നഷ്‌ടപ്പെട്ടെന്നും, ഈ സാഹചര്യത്തിൽ അധിക തീരുവ ചുമത്തേണ്ടതില്ലെന്നുമാണ് ട്രംപ് സൂചന നൽകിയത്.
‘ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല’- തീരുവ വർധന സംബന്ധിച്ച് ട്രംപ് പറഞ്ഞു. അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതായി ഇന്ത്യ സ്‌ഥിരീകരിച്ചിട്ടില്ല. ചൈനയും ഇന്ത്യയുമാണ് റഷ്യയിൽ നിന്ന് കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന് ഒരു പ്രധാന എണ്ണ ഉപഭോക്‌താവിനെ നഷ്‌ടപ്പെട്ടതായി ഇന്ത്യയെ വിമർശിച്ച് ട്രംപ് പറഞ്ഞു.
”റഷ്യയുടെ 40% എണ്ണ വാങ്ങിയിരുന്നത് ഇന്ത്യയാണ്. ചൈനയും വലിയതോതിൽ എണ്ണ വാങ്ങുന്നുണ്ട്. ഞാൻ തീരുവ വർധിപ്പിക്കുന്നത് റഷ്യയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാൽ ചെയ്യും. ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല”- ട്രംപ് പറഞ്ഞു. ഒരു ചാനൽ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്ക് കനത്ത തീരുവ ഏർപ്പെടുത്താൻ യുഎസ് തീരുമാനിച്ചത്. 25 ശതമാനമാണ് ആദ്യം ഏർപ്പെടുത്തിയത്. പിന്നീടത് 25 ശതമാനം കൂടി കൂട്ടി. ഇതോടെ യുഎസ് ഏറ്റവും ഉയർന്ന തീരുവ ചുമത്തിയ രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറി. ആദ്യം പ്രഖ്യാപിച്ച തീരുവ നിലവിൽവന്നു. രണ്ടാമത് പ്രഖ്യാപിച്ച തീരുവ ഈമാസം 27നാണ് നിലവിൽ വരിക.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ