മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; നോട്ടീസ് നൽകാൻ ഇന്ത്യാ സഖ്യം

ഇംപീച്ച്മെന്റ് നടപടിക്കായി ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം. രാഷ്‌ട്രപതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ നീക്കം ചെയ്യാനുള്ള യാതൊരു അധികാരവുമില്ല. സഭകളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

By Senior Reporter, Malabar News
Gyanesh Kumar
Gyanesh Kumar | Image source: FB/ECI | Cropped by MN
Ajwa Travels

ന്യൂഡെൽഹി: വോട്ടുകൊള്ള ആരോപണത്തിന് പിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യാ സഖ്യം. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷിയോഗത്തിൽ, കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഇന്ത്യാ സഖ്യം തീരുമാനിച്ചത്.

ഇതിന്റെ പ്രാരംഭ ചർച്ചകളാണ് നടന്നിട്ടുള്ളത്. തുടർനടപടി തേടി പ്രതിപക്ഷം പാർലമെന്റിൽ നോട്ടീസ് നൽകും. എന്നാൽ, ഇംപീച്ച്മെന്റ് നടപടിക്കായി ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം. രാഷ്‌ട്രപതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ നീക്കം ചെയ്യാനുള്ള യാതൊരു അധികാരവുമില്ല. സഭകളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

ഓഗസ്‌റ്റ് ഏഴിനാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്‌ട്ര- ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും വൻതോതിൽ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. വ്യാജ വിലാസങ്ങളിൽ വൻതോതിൽ വോട്ടർമാർ, ഒരേ വിലാസത്തിൽ നിരവധി വോട്ടർമാർ, ഒരാൾക്ക് മൂന്ന് സംസ്‌ഥാനത്ത്‌ വരെ വോട്ട് എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് രാഹുൽ മുന്നോട്ടുവെച്ചത്.

ആരോപണങ്ങൾക്ക് ആധാരമായി വോട്ടർപട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും നിരത്തുന്ന തെളിവുകളും രാഹുൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വൻതോതിലുള്ള വോട്ട് മോഷണം നടന്നതായും രാഹുൽ ആരോപിച്ചിരുന്നു.

എന്നാൽ, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്‌ട്രീയ പാർട്ടികളോട് വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടർമാരോ ഭയപ്പെടുന്നില്ലെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ട‌ർമാരെ ലക്ഷ്യമിട്ട് രാഷ്‌ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വ്യക്‌തമാക്കിയിരുന്നു.

തിരഞ്ഞടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ചിലര്‍ കമ്മീഷനെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് രംഗത്ത് പരാതിയുണ്ടെങ്കില്‍ 45 ദിവസത്തിനകം കോടതിയെ സമീപിക്കാന്‍ അവസരം ഉണ്ട്. പ്രതിപക്ഷം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് ഇന്ത്യാ മുന്നണി കടന്നത്. പാർലമെന്റിൽ നോട്ടീസ് നൽകുന്നതിനായി ഒപ്പ് ശേഖരണം നടത്തുകയാണ് ആദ്യകടമ്പ. സ്‌പീക്കറാണ് നോട്ടീസിൽ തീരുമാനം എടുക്കേണ്ടത്. ഈ വിഷയത്തിൽ ഗൗരവമേറിയ ചർച്ചകൾ പാർലമെന്റിൽ നടത്താൻ പ്രതിപക്ഷത്തിന് അവസരം ലഭിക്കും. വർഷകാല സമ്മേളനം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE