ടിയാൻജിൻ: ഷാങ്ഹായി സഹകരണ കൗൺസിൽ (എസ്‌സിഒ) ഉച്ചകോടിക്കായി ചൈനയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ച തുടങ്ങി. 40 മിനിറ്റ് നീളുന്ന കൂടിക്കാഴ്‌ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്‌തമാക്കുന്നത് ചർച്ചയായേക്കും.
യുഎസ് ഉയർത്തിയ തീരുവ ഭീഷണി നേരിട്ട് നേതാക്കൾ ചർച്ച ചെയ്യുമോയെന്നും ലോകം ഉറ്റുനോക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ചൈനയും റഷ്യയുമായുള്ള ബന്ധം ശക്‌തമാക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു. ചൈനയ്‌ക്കുള്ള തീരുവയും യുഎസ് വർധിപ്പിച്ചിട്ടുണ്ട്.
വ്യാപാര വിഷയങ്ങൾ കൂടാതെ അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള മേഖലകളിൽ നിലനിൽക്കുന്ന അതിർത്തി തർക്കം, അതിർത്തി സുരക്ഷ, അടിസ്‌ഥാന സൗകര്യ വികസനം, ഇന്ത്യയിലേക്ക് യന്ത്രഭാഗങ്ങളും ചിപ്പ് നിർമാണ വസ്‌തുക്കളും കയറ്റുമതി ചെയ്യുന്നതിൽ ചൈന ഏർപ്പെടുത്തിയ വിലക്ക് എന്നിവയും മോദി ചർച്ചയിൽ ഉന്നയിച്ചേക്കും.
ഇന്തോ- പസഫിക്കിലെ ചൈനീസ് വിരുദ്ധ നീക്കങ്ങൾ, ദലൈലാമ വിഷയം എന്നിവ ഷിയും ഉയർത്താൻ സാധ്യതയുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചർച്ചയിൽ മോദിക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഏഴ് വർഷത്തിനിടെ ആദ്യമായാണ് മോദി ചൈനയിലെത്തുന്നത്. ചിൻപിങ്ങുമായി പത്ത് മാസത്തിനിടെ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്‌ചയും. നേരത്തെ, റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു.
Most Read| ‘ഇന്ത്യയുമായി സംയുക്‌ത ചർച്ചയ്‌ക്ക് തയ്യാർ, എന്നാൽ, യാചിക്കാനില്ല’








































