തൊടുപുഴ: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തൊടുപുഴയിൽ വെച്ച് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ നാല് പ്രതികൾ പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. കേസിലെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്‌റ്റഡിയിൽ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
വധശ്രമത്തിന് പിന്നാലെ പ്രതികൾ സംസ്‌ഥാനം വിടുകയായിരുന്നു. തുടർന്ന്, സാമൂഹിക മാദ്ധ്യമ പോസ്‌റ്റുകളടക്കം ട്രാക്ക് ചെയ്‌താണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. തന്നെ കായികപരമായി നേരിടണമെന്ന ക്യാംപയിൻ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ആക്രമണമെന്നും ഷാജന്‍ സ്‌കറിയ നേരത്തെ പ്രതികരിച്ചിരുന്നു.
തൊടുപുഴ പോലീസ് സംഘമാണ് ബെംഗളൂരുവിലെത്തി പ്രതികളെ പിടികൂടിയത്. സംഭവത്തിന് പിന്നാലെ, ഇടത് സൈബർ ഗ്രൂപ്പുകളിൽ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പോലീസിന് വിവരം കിട്ടിയത്. കണ്ടാലറിയാവുന്ന ആളുകളാണെന്നും സിപിഎം പ്രവർത്തകരാണെന്നും ഷാജൻ പോലീസിന് മൊഴി നൽകുകയും ചെയ്‌തിരുന്നു.
ശനിയാഴ്‌ച രാത്രിയാണ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്. മർദനത്തിൽ പരിക്കേറ്റ ഷാജൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. മറുനാടൻ പറയുന്നത് അനുസരിച്ച്, കാറിടിച്ച് കൊല്ലാനുള്ള ശ്രമമാണ് നടന്നത്.
നിയമപരമായി തന്നെ നിശബ്‌ദനാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് കായികപരമായി തീർത്തുകളയാൻ ഒരു കൂട്ടർ തീരുമാനിച്ചതെന്ന് ഷാജന്‍ സ്‌കറിയ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നിൽ സൈബർ സഖാക്കളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവർത്തകനാണ്. അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ വ്യക്‌തമാക്കിയിരുന്നു.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം








































