തിരുവനന്തപുരം: പോലീസിന്റെ അതിക്രമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തിര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്‌റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും ജവഹർലാൽ നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണകാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്കാലത്ത് ഏറ്റവും കൂടുതൽ പോലീസ് ക്രൂരത ഏറ്റുവാങ്ങേണ്ടിവന്നത് സിപിഎം സഖാക്കൾക്കാണ്. അന്നത്തെ പോലീസ് ക്രൂരതകൾ സ്‌റ്റാലിനെ അനുകരിച്ചത് കൊണ്ടാണോ എന്നറിയില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്‌റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത് എന്നത് ചരിത്ര വസ്‌തുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുറുവടിപ്പടയും പോലീസും ചേർന്നാണ് കമ്യൂണിസ്‌റ്റുകാരെ തിരഞ്ഞുപോയി പീഡിപ്പിച്ചിരുന്നത്. ലോക്കപ്പിനകത്ത് അതിക്രൂരമായി കൊല്ലുന്ന അവസ്‌ഥയുണ്ടായി. എന്തെങ്കിലും നടപടി ഉണ്ടായോ? ലോക്കപ്പിൽ നിന്ന് ആളെ ഇറക്കി കൊണ്ടുപോയി വെടിവച്ചു കൊന്നില്ലേ? കമ്യൂണിസ്‌റ്റുകാരെ എന്തും ചെയ്യാമെന്ന അവസ്‌ഥയായിരുന്നു. ജാഥ നടത്തിയാൽ പോലും മർദ്ദിക്കുമായിരുന്നു. അതിനൊക്കെ മാറ്റം വന്നത് 1957ൽ ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോഴാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
പോലീസ് സേനയിൽ ആരെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്‌താൽ അവരെ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. എന്നാൽ, കോൺഗ്രസ് എല്ലാ ഘട്ടത്തിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പോലീസ് അതിക്രമങ്ങൾക്കെതിരെ കർക്കശ നടപടി എന്നതാണ് ഇടതു നയം. 2016 മുതൽ 2024 ജൂൺ വരെ കുറ്റക്കാരായ 109 പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
2024 ഒക്‌ടോബർ മുതൽ 2025 സെപ്‌തംബർ വരെ 36 പോലീസുകാരെയും പിരിച്ചുവിട്ടു. അങ്ങനെ ഏതെങ്കിലും നടപടി യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടോ? രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്ര കർക്കശമായ നടപടി സ്വീകരിച്ച സർക്കാർ ഉണ്ടോ? അതുകൊണ്ടുതന്നെ കുറ്റമറ്റ രീതിയിലാണ് പോലീസ് മുന്നേറുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അവരെ ക്രൂശിക്കാൻ കഴിയില്ല. അഴിമതി ഏറ്റവും കുറഞ്ഞ പോലീസാണ് നമ്മുടേത്. ആരെങ്കിലും അഴിമതി കാട്ടിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി