തിരുവനന്തപുരം: സ്വയംവര സിൽക്‌സ് ഇംപ്രസാരിയോ മിസ് കേരള സിൽവർ ജൂബിലി എഡിഷനിൽ കിരീടം ചൂടി ശ്രീനിധി സുരേഷ്. പങ്കെടുത്ത രണ്ടാമത്തെ സൗന്ദര്യ മൽസരത്തിൽ തന്നെ ജേതാവായെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ശ്രീനിധി നിയമ വിദ്യാർഥിനിയാണ്. ആറുമാസം മുൻപ് അവിചാരിതമായാണ് ഫാഷൻ ലോകത്ത് എത്തുന്നത്.
കഴിഞ്ഞ വർഷത്തെ മിസ് കേരള മേഘ ആന്റണി ശ്രീനിധിയെ കിരീടം അണിയിച്ചു. തൃശൂർ സ്വദേശിനിയായ അഞ്‌ജലി ഷമീർ ഇറ്റേണൽ ബ്യൂട്ടി ഫസ്‌റ്റ് റണ്ണറപ്പും, തിരുവല്ല സ്വദേശിനിയായ നിതാര സൂസൻ ജേക്കബ് ബ്യൂട്ടി വിത്ത് എലിഗൻസ് സെക്കൻഡ് റണ്ണറപ്പുമായി. കൊച്ചി ഇടപ്പള്ളി ഹോട്ടൽ മാരിയറ്റിലായിരുന്നു മൽസരം.
ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രസംഗം, ഡിബേറ്റ്, ഡിസൈനിങ്, അഭിനയം, മിമിക്രി തുടങ്ങിയ മേഖലയിലൊക്കെ ശ്രീനിധി മികവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ പൂനെ സിംബയോസിസ് ലോ-സ്‌കൂളിൽ അവസാനവർഷ നിയമ വിദ്യാർഥിനിയാണ്. കുഞ്ഞുനാൾ മുതൽ ഫാഷനോടും പുതിയ ട്രെൻഡുകളോടും താൽപര്യം പ്രകടിപ്പിച്ചിരുന്ന ശ്രീനിധിയെ മോഡലിങ് വേദിയിലേക്ക് നയിച്ചത് അമ്മ പ്രിയദർശിനിയാണ്.
ആറുമാസം മുൻപ് കൊച്ചിയിൽ നടന്ന മൽസരത്തിൽ പങ്കെടുക്കാൻ അപേക്ഷ അയച്ചതും അമ്മ തന്നെയാണ്. എന്നാൽ, പരിശീലനത്തിനിടെ കാലിലുണ്ടായ പരിക്ക് വില്ലനായി. പിന്നീടാണ് സ്വയംവര സിൽക്‌സ് ഇംപ്രസാരിയോ മിസ് കേരള സിൽവർ ജൂബിലി എഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിനിടെ, പല ബ്രാൻഡുകളുടെയും മോഡലുമായി.
22 പേരാണ് ഫൈനലിൽ എത്തിയത്. മോഡലിങ്, റാമ്പ് വാക്ക് എന്നിവയ്‌ക്ക് പുറമെ വ്യക്‌തിത്വ നിർണയവും ബൗദ്ധിക നിലവാരമുളവാക്കുന്ന വിവിധ സെഷനുകളും മൽസരത്തിന്റെ ഭാഗമായിരുന്നു. വഞ്ചിയൂർ കോവളം ഹൗസിൽ രാഷ്‌ട്രീയ, സാമുദായിക ജേതാവായ കോവളം ടിഎൻ സുരേഷിന്റെയും പ്രിയദർശിനിയുടെയും മകളാണ്. രോഹൻ കൃഷ്‌ണ, വിവാൻ കൃഷ്‌ണ എന്നിവർ സഹോദരങ്ങളാണ്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം






































