ന്യൂഡെൽഹി: സൗദി അറേബ്യയുമായി വിവിധ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തമാണ് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്സ്വാൾ. സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ രണ്ട് രാജ്യങ്ങളുടെയും താൽപര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
സൗദിയും പാക്കിസ്‌ഥാനും തമ്മിൽ ഒപ്പിട്ട സൈനിക സഹകരണ കരാറിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആണവശക്‌തിയായ പാക്കിസ്‌ഥാനുമായി തന്ത്രപരമായ ഉഭയകക്ഷി പ്രതിരോധ സഹകരണ കരാറിൽ കഴിഞ്ഞ ദിവസമാണ് സൗദി ഒപ്പുവെച്ചത്. ഏതെങ്കിലുമൊരു രാജ്യത്തിന് നേരെയുള്ള ആക്രമണത്തെ സംയുക്‌തമായി നേരിടുന്ന തന്ത്രപരമായ സൈനിക കരാറിനാണ് പാക്കിസ്‌ഥാനും സൗദിയും രൂപം നൽകിയത്.
പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സൗദി സന്ദർശനത്തിനിടെ ബുധനാഴ്‌ചയാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിട്ടത്. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യത്തിനും എതിരേയുള്ളതായി കണക്കാക്കും എന്നതാണ് കരാറിലെ പ്രധാന വ്യവസ്‌ഥ. ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് കരാർ പ്രഖ്യാപനമെങ്കിലും ഇന്ത്യയെ സംബന്ധിച്ച് സുരക്ഷാ ആശങ്ക ഉണ്ടാക്കുന്നതാണ് പ്രതിരോധ കരാറും വ്യവസ്‌ഥകളും.
ഇന്ത്യയുടെ ദേശീയ സുരക്ഷയെയും മേഖലയുടെ സുരക്ഷയെയും കരാർ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോയെന്നത് സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ ഏതുവിധേനയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി