തിരുവനന്തപുരം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തിൽ കമ്മീഷൻ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇന്നലെയാണ് കത്ത് നൽകിയത്.
വോട്ടർ പട്ടിക പരിഷ്‌കരണത്തിനും തദ്ദേശ തിരഞ്ഞെടുപ്പിനും ഒരേ സംവിധാനം തന്നെയാണ് പ്രവർത്തിക്കേണ്ടത്. ഇപ്പോൾ പരിഷ്‌കരണ നടപടികൾ തുടങ്ങിയാൽ തദ്ദേശ തിരഞ്ഞെടുപ്പ് താളം തെറ്റുമെന്നാണ് വിലയിരുത്തൽ. രാജ്യവ്യാപക എസ്‌ഐആർ ഈവർഷം തന്നെ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന.
സംസ്‌ഥാനങ്ങളിലെ ഉദ്യോഗസ്‌ഥർക്ക് ഈമാസം അവസാനം തന്നെ പ്രാരംഭ നടപടികൾ ആരംഭിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 2002നും 2004നും ഇടയിലാണ് എല്ലാ സംസ്‌ഥാനങ്ങളിലും മുൻപ് എസ്‌ഐആർ നടത്തിയത്. കേരളം 2002ലെ പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.
കേരളത്തിൽ അടുത്തവർഷം മേയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിനിടയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾ കൂടി പുരോഗമിക്കുന്നതിനാൽ എസ്‌ഐആർ നടപടികൾ സങ്കീർണമാകുമെന്ന ആക്ഷേപമാണ് സർവകക്ഷി യോഗത്തിൽ ബിജെപി ഇതര രാഷ്‌ട്രീയ പാർട്ടികൾ ഉന്നയിച്ചത്.
തദ്ദേശ വാർഡുകളുടെയും തുടർന്ന് തദ്ദേശസ്‌ഥാപന അധ്യക്ഷ സ്‌ഥാനങ്ങളിലേക്കുള്ള സംവരണം നിശ്‌ചയിക്കുന്ന നടപടികൾ ഈമാസം അവസാനമോ ഒക്‌ടോബർ ആദ്യമോ നടക്കും. ഇതിനാൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ സാവകാശം നൽകണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ആവശ്യം.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി