തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ അന്വേഷണം ഹൈദരാബാദിലേക്ക്. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പ്രധാന സഹായിയായ ഹൈദരാബാദ് സ്വദേശി നാഗേഷിലേക്കാണ് അന്വേഷണം നീളുന്നത്. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപ്പപാളികൾ ഇയാൾ കൈവശപ്പെടുത്തുകയോ വിൽക്കുകയോ ചെയ്‌തിരിക്കാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സംശയം.
ഹൈദരാബാദിലെ നാഗേഷിന്റെ സ്‌ഥാപനത്തിലാണ് സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ഏറെ ദിവസം സൂക്ഷിച്ചത്. സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടയിലാണ് ശിൽപ്പപാളികളുടെ ഭാരത്തിൽ നാലരകിലോയോളം വ്യത്യാസമുണ്ടായത്. ദ്വാരപാലക ശിൽപ്പ പാളികളിൽ നിന്നുമാത്രം ഉണ്ണിക്കൃഷ്‌ണൻ പോറ്റി അടിച്ചുമാറ്റിയത് 200 പവനിലേറെ സ്വർണമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
1999ൽ സ്വർണം പൊഴിഞ്ഞപ്പോൾ 258 പവൻ സ്വർണം ഉണ്ടായിരുന്നെങ്കിൽ ശിൽപ്പപാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമാണ്. അതായത് 222 പവൻ കുറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരുത്താൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. ശബരിമലയിൽ തിരിച്ചെത്തിച്ച് ദ്വാരപാലക പാളികളും തകിടുകളും വ്യാജമാണെന്ന് സംശയിക്കുന്നതാണ് ദേവസ്വം വിജിലൻസ് റിപ്പോർട്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ