തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗോവർധൻ എസ്ഐടിക്ക് മൊഴി നൽകി.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് പാളികളിൽ നിന്ന് വേർതിരിച്ച സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റുവെന്നാണ് ഗോവർധന്റെ മൊഴി. തൊണ്ടിമുതൽ കണ്ടെത്തുന്നതിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് ബെംഗളൂരുവിലേക്ക് പോയിരിക്കുകയാണ്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തപ്പോൾ ഇത് സംബന്ധിച്ച സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗോവർധനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി എസ്പി ശശിധരൻ ചോദ്യം ചെയ്തിരുന്നു. ഗോവർധനും വിൽപ്പന സ്ഥിരീകരിച്ചതോടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ബെല്ലാരിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.
ഇതോടെ, സ്വർണം പൂശാലിനൊടുവിൽ കുറവ് വന്ന 476 ഗ്രാം സ്വർണം എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ്ഐടി. മഹാരാഷ്ട്രയിൽ നിന്ന് വിദഗ്ധനെ എത്തിച്ച് സ്വർണം വേർതിരിച്ചുവെന്നും പൂശലിന് ശേഷം ബാക്കിവന്ന സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നൽകിയെന്നും സ്മാർട്ട് ക്രിയേഷൻസ് ഉടമ മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് സ്വർണം വിറ്റുവെന്ന് കണ്ടെത്തിയത്. ഇതുവഴി നേടിയ പണം പോറ്റി എങ്ങനെയാണ് ചിലവഴിച്ചതെന്ന വിവരവും എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ വീട്ടിൽ നിന്ന് ബാങ്ക് രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തിരുന്നു. ഗോവർധനുമായി പോറ്റിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
Most Read| ആനക്കൊമ്പ് കേസ്; മോഹൻലാലിന്റെ ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി








































