എട്ടാം ക്ളാസ് വിദ്യാർഥിയുടെ ധീരതയിൽ രണ്ടുവയസുകാരിക്ക് പുതുജീവൻ. തൂത തെക്കുംമുറി നെച്ചിക്കോട്ടിൽ വീട്ടിൽ അനിൽ കുമാറിന്റെയും ഉമയുടെയും മകനായ അമൽ കൃഷ്‌ണയാണ് അയൽവാസിയായ ചരയൻ ഫൈസൽ- ഹസ്‍മ ദമ്പതികളുടെ മകൾ ഫാത്തിമ റിൻഷയെ ഒഴുക്കുള്ള തോട്ടിൽ നിന്ന് അത്‌ഭുതകരമായി രക്ഷിച്ചത്.
വൈക്കത്തൂർ എഎംഎൽപി സ്‌കൂളിന് സമീപം മുത്തച്‌ഛനായ കതിരുകുന്നുപറമ്പിൽ നാരായണന്റെ കൂടെയാണ് അമൽകൃഷ്‌ണ താമസിച്ച് പഠിക്കുന്നത്. കഴിഞ്ഞ ദിവസം അമൽകൃഷ്‌ണയും കൂട്ടുകാരും ചേർന്ന് വീട്ടിനടുത്തുള്ള പച്ചീരി തോട്ടിൽ കുളിക്കാൻ പോയതായിരുന്നു. കൂടെ ഫാത്തിമ റിൻഷയുമായി ഉമ്മ ഹസ്‍മയും കുളിക്കാനും അലക്കാനുമായി എത്തിയിരുന്നു.
ഇതിനിടെ, റിൻഷ വെള്ളത്തിൽ മുങ്ങിയത് ആരും കണ്ടില്ല. കുട്ടിയെ എവിടെയും കാണാതായതോടെ ഉമ്മ പരിഭ്രമിച്ച് ബഹളം വയ്‌ക്കാൻ തുടങ്ങി. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ അമൽകൃഷ്‌ണ ഉടൻ തോട്ടിലേക്ക് ചാടി കുട്ടിയെ തിരയാൻ തുടങ്ങി. തിരച്ചിലിനൊടുവിൽ അവശനിലയിൽ കുഞ്ഞിനെ പൊക്കിയെടുത്ത് കരയിൽക്കിടത്തി.
സ്‌കൂളിൽ റെഡ് ക്രോസ് കേഡറ്റായതിനാൽ സിപിആർ ഉൾപ്പടെയുള്ള പ്രാഥമിക വൈദ്യശുശ്രൂഷ നൽകാൻ അമൽകൃഷ്‌ണയ്‌ക്കായി. കുറച്ചുനേരത്തെ ശ്രമത്തിനൊടുവിൽ കുട്ടിക്ക് ശ്വാസം വീണ്ടെടുക്കാനായി. പിന്നാലെ കുട്ടിയെ വളാഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എടരിക്കോട് പികെഎംഎംഎച്ച്‌എസ്‌എസിലെ എട്ടാം ക്ളാസ് വിദ്യാർഥിയാണ് അമൽകൃഷ്‌ണ. മാതൃകാ പ്രവർത്തനം നടത്തിയ അമലിനെ അടുത്ത ദിവസം സ്‌കൂളിൽ ആദരിക്കുമെന്ന് അധികൃതർ അറിയിച്ചു. അമൽകൃഷ്‌ണയുടെ ധീരതയും മനുഷ്യത്വവും മാതൃകയാക്കേണ്ടതാണെന്ന് പ്രഥമാധ്യാപകൻ ഡോ. പ്രമോദ് വാഴങ്കര പറഞ്ഞു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി








































