ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ ഉറങ്ങാൻകിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തിയ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിന് (82) വധശിക്ഷ വിധിച്ച് കോടതി. അഞ്ചുലക്ഷം രൂപ പിഴയും അടക്കണം. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ചീനിക്കുഴി ഫൈസൽ (45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്‌ന (13) എന്നിവരാണ് മരിച്ചത്. 2022 മാർച്ച് 19ന് രാത്രിയിലാണ് കൂട്ടക്കൊല നടന്നത്. സ്വത്തിന്റെ പേരിൽ മകനുമായുണ്ടായ തർക്കമാണ് നിഷ്‌ഠൂരമായ കൊലപാതകത്തിൽ കലാശിച്ചത്.
ഹമീദിന്റെ പിതാവ് മാക്കാർ, കൊച്ചുമകൻ ഫൈസലിന് ഇഷ്‌ടദാനമായി നൽകിയ സ്വത്ത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തർക്കം. കൃത്യമായ ആസൂത്രണത്തോടെ, മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമാണ് ഹമീദ് കൊലപാതകം നടത്തിയത്.
ഫൈസലറും കുടുംബവും കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയിരുന്നു. ശേഷം വീടും പൂട്ടി. തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കുമെന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. കൂടാതെ മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്‌ഛേദിച്ചു.
വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടിയ ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞാണ് ഹമീദ് തീ വച്ചത്. തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































