ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ വീടിന് തീവച്ചു നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. തൊടുപുഴ എസ്‌പി എജി ലാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. പ്രതി ഹമീദിനെ കസ്‌റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുന്ന കാര്യങ്ങൾ സംഘം കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്ന് ഡിവൈഎസ്‌പി പറഞ്ഞു.
പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്നലെ തന്നെ പോലീസ് പൂർത്തിയാക്കിയിരുന്നു. ഹമീദ് കുറ്റം സമ്മതിക്കുകയും കൃത്യമായ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ലഭിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ഇനി വിപുലമായ അന്വേഷണം ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ലഭിച്ച തെളിവുകളിൽ എന്തെങ്കിലും വ്യക്‌തത വരുത്തേണ്ടതുണ്ടെങ്കിൽ മാത്രമേ പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങൂ. നിശ്‌ചിത സമയത്തിനകം തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
ഇതിനിടെ സമീപത്ത് പമ്പുകളില്ലാത്ത ചീനിക്കുഴിയിലെ തന്റെ കടയിൽ വിൽക്കാനായി കൊല്ലപ്പെട്ട ഫൈസൽ വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോൾ ആരുമറിയാതെ ഹമീദ് കുപ്പിയിലാക്കി കടത്തുകയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ഇവരുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്.
Most Read: കസ്‌റ്റഡി മരണത്തെ തുടർന്ന് ആക്രമണം; ബിഹാറിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു