മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്.
മണികണ്ഠൻ, സ്വരസ്വതി, റീന എന്നിവരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇവർക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഓടിട്ട വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
വിദഗ്ധ ചികിൽസയ്ക്കായി ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Most Read| മുഖ്യമന്ത്രി അനുമതി നൽകി; നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന്