ആലപ്പുഴ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടക്കും. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം. ഈ മാസം 28ന് ജലമേള നടത്താൻ മുഖ്യമന്ത്രി അനുമതി നൽകിയതായി മന്ത്രി പി പ്രസാദ് യോഗത്തിൽ അറിയിക്കുകയായിരുന്നു.
വള്ളംകളി മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. വള്ളംകളി അനിശ്‌ചിതമായി നീണ്ടുപോയതിൽ ബോട്ട് ക്ളബുകൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. വള്ളംകളിക്കായി നടത്തിയ തയ്യാറെടുപ്പുകളും പണച്ചിലവും മറ്റും ചൂണ്ടിക്കാട്ടി കോ-ഓർഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.
യോഗം വിളിച്ച് എത്രയും പെട്ടെന്ന് തീരുമാനം എടുക്കുമെന്ന് കളക്‌ടർ വള്ളംകളി സംരക്ഷണ സമിതിക്ക് ഉറപ്പും നൽകിയിരുന്നു. തുടർന്നാണ് ഇന്ന് വൈകിട്ട് യോഗം ചേർന്ന് വള്ളംകളി 28ന് നടത്താൻ തീരുമാനിച്ചത്. തീയതി പ്രഖ്യാപനത്തിനൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തുക, ഗ്രാൻഡ് തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണ സമിതി മുന്നോട്ടുവെച്ചിരുന്നു. അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ സാംസ്‌കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം