ആലപ്പുഴ: പുന്നമട കായലിലെ ഓളങ്ങൾ ഇന്ന് ആവേശത്തിമർപ്പിൽ അലയടിക്കും. കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. 69ആംമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് ഇന്ന് നടക്കുന്നത്.
രാവിലെ 11 മണിമുതൽ വള്ളംകളി മൽസരം ആരംഭിക്കും. 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 72 കളിവള്ളങ്ങളാണ് ഇത്തവണ മൽസരത്തിൽ മാറ്റുരക്കുന്നത്.
രാവിലെ 11 മണിമുതൽ ചുണ്ടൻ വള്ളങ്ങൾ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മൽസരങ്ങൾ നടക്കും. ഉച്ച കഴിഞ്ഞു വള്ളംകളി മൽസരങ്ങൾ ആരംഭിക്കും.
ഉച്ചകഴിഞ്ഞു രണ്ടിനാണ് ഉൽഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. ഉൽഘാടന ചടങ്ങിൽ മന്ത്രിമാർ, ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്, സതേൺ എയർ കമാൻഡിങ് ഇൻ ചീഫ് എന്നിവരും ജില്ലയിലെ എംപി, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുക്കും. വൈകിട്ട് നാലിനാണ് ഫൈനൽ മൽസരങ്ങൾ നടക്കുക. 2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്‌റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടർ അനുസരിച്ചു ഓഗസ്‌റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്‌ച നടക്കുന്നത്.
ആയിരക്കണക്കിന് ആളുകളാണ് വള്ളംകളിക്ക് സാക്ഷിയാകാൻ ഇന്ന് ആലപ്പുഴയിലെത്തുക. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കർശനമായ സുരക്ഷാ സജ്‌ജീകരണങ്ങൾ ഏർപ്പെടുത്തിയതായി ആലപ്പുഴ ജില്ലാ കളക്‌ടർ ഹരിത വി കുമാർ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ അറിയിച്ചു.
Most Read| രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വയനാട്ടിൽ വൻ സ്വീകരണം നൽകും