ആലപ്പുഴ: കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ അലയടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 69ആംമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ നടക്കും. വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ഉച്ചകഴിഞ്ഞു രണ്ടിനാണ് ഉൽഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും.
ഉൽഘാടന ചടങ്ങിൽ മന്ത്രിമാർ, ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്, സതേൺ എയർ കമാൻഡിങ് ഇൻ ചീഫ് എന്നിവരും ജില്ലയിലെ എംപി, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുക്കും. പുന്നമട കായലിൽ രാവിലെ 11 മണിമുതൽ വള്ളംകളി മൽസരം ആരംഭിക്കും. ഒമ്പത് വിഭാഗങ്ങളിലായി 72 കളി വള്ളങ്ങളാണ് മൽസരത്തിൽ മാറ്റുരക്കുന്നത്. മാസ് ഡ്രിൽ ഫ്‌ളാഗ് ഓഫിന് പിന്നാലെ 19 ചുണ്ടൻ വള്ളങ്ങൾ അഞ്ചു ഹീറ്റ്സുകളായി മാറ്റുരക്കും.
ചെറുവള്ളങ്ങളുടെ ഫൈനൽ മൽസരങ്ങളും നടക്കും. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ മൽസരിക്കുക. ചുണ്ടൻ വള്ള സമിതികൾ മാലിപ്പുരകളിൽ കളിവള്ളങ്ങളുടെ അവസാനവട്ട മിനുക്ക് പണികളും പൂർത്തിയാക്കി നാളെക്കായി കാത്തിരിക്കുകയാണ്. നെഹ്‌റു ട്രോഫി തുടർച്ചയായി മൂന്ന് തവണ സ്വന്തമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ളബാണ് നിലവിലെ ചാമ്പ്യൻമാർ.
Most Read| വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്