മൂന്നാർ: മൂന്നാറിൽ എത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ഷീ ലോഡ്‌ജുകൾ ഒരുങ്ങുന്നു. ഇടുക്കി ജില്ലയിലെ ആദ്യ ഷീ ലോഡ്‌ജ് പള്ളിവാസലിലാണ് ഒരുങ്ങുന്നത്. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാം മൈലിലെ പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്തുള്ള പഞ്ചായത്ത് അസിസ്‌റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിന് സമീപമാണ് ഷീ ലോഡ്‌ജ് നിർമിക്കുന്നത്.
മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികളായ വനിതകൾക്ക് കുറഞ്ഞ ചിലവിൽ താമസിക്കാനാണ് ഷീ ലോഡ്‌ജുകൾ നിർമിക്കുന്നത്. എട്ടു മുറികൾ, 32 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി, ഭക്ഷണശാല, അടുക്കള എന്നിവ അടങ്ങിയതാണ് ലോഡ്‌ജ്. പഞ്ചായത്തിന്റെ തനത് പ്ളാൻ ഫണ്ടുകളിൽ നിന്നുള്ള 75 ലക്ഷം രൂപ ചിലവിട്ടാണ് നിർമാണം.
എട്ടു മാസം മുമ്പാണ് ലോഡ്‌ജിന്റെ നിർമാണം ആരംഭിച്ചത്. ചിത്തിരപുരം, രണ്ടാം മൈൽ എന്നിവിടങ്ങളിലെ പ്രകൃതി ഭംഗി ഓരോ മുറികളിലുമിരുന്ന് കാണാൻ കഴിയുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ രൂപകൽപ്പന. ഷീ ലോഡ്‌ജിന്റെ ഉൽഘാടനം ഡിസംബറിൽ നടത്താനാണ് തീരുമാനം.
Most Read| താനൂർ കസ്‌റ്റഡി മരണം; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി