തിരുവനന്തപുരം: താനൂരിൽ ലഹരിമരുന്ന് കേസിൽ അറസ്‌റ്റ് ചെയ്‌ത മമ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച കേസ് സിബിഐക്ക് വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മജിസ്ട്രേറ്റ് അന്വേഷണത്തിന് തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിൽ എൻ ഷംസുദ്ദീന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എസ്‌പിയെ മാറ്റിനിർത്തി കേസിൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുമെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, പോലീസിന് ആരെയും തല്ലിക്കൊല്ലാൻ അധികാരം ഇല്ലെന്നും പറഞ്ഞു. താമിർ ജിഫ്രിയുടെ മരണത്തിൽ എട്ടു പോലീസ് ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. മജിസ്‌റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം സിബിഐയെ ഏൽച്ചുകൊണ്ടുള്ള വിജ്‌ഞാപനം ഉടൻ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കുറ്റം ചെയ്‌തവരാരും രക്ഷപ്പെടില്ല. പോലീസ് അതിക്രമം തുടർക്കഥയാകുന്നു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് എതിരെ കർശന നടപടികൾ ഉണ്ടായി. കുറ്റകൃത്യങ്ങളുടെ പേരിൽ 27 പേരെ സർവീസിൽ നിന്ന് തന്നെ നീക്കി. കൊള്ളരുതായ്‌മ കാണിച്ചവരെ സർവീസിൽ നിന്നടക്കം ഒഴിവാക്കുന്നു. 2016ന് ശേഷം പോലീസ് ക്രൂരതകൾ അത്ര വലുതായി ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ‘പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകില്ല’; വാർത്തകൾ നിഷേധിച്ചു നിബു ജോൺ