മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്‌ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവരും പൊള്ളലേറ്റ് ചികിൽസയിലാണ്.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ഓടിട്ട വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മണികണ്‌ഠൻ, സ്വരസ്വതി, റീന എന്നിവർക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. വിദഗ്‌ധ ചികിൽസയ്‌ക്കായി ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വീടിന് തീപിടിച്ചതാകാമെന്നാണ് ആദ്യം പോലീസും അയൽവാസികളും കരുതിയത്. എന്നാൽ, പിന്നീട് സംഭവം ആത്‍മഹത്യ ആണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. വീട്ടിൽ നിന്ന് മണ്ണെണ്ണ കുപ്പിയും പെട്രോൾ കുപ്പിയും കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. പരിശോധനയിൽ മണികണ്‌ഠൻ കിടന്ന മുറിയിലാണ് ആദ്യം തീപിടിച്ചതെന്ന് മനസിലായി.
സ്വന്തം മുറിയിലെ കട്ടിലിന് തീയിട്ട ശേഷം മണികണ്‌ഠൻ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീ ആളിപ്പടർന്നതോടെ മറ്റുള്ളവർക്കും പൊള്ളലേറ്റു. പപ്പട കച്ചവടക്കാരനായ മണികണ്‌ഠന് സാമ്പത്തിക ബുദ്ധിമുട്ടികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതാവാം ആത്‍മഹത്യക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. രണ്ടാഴ്‌ച മുമ്പാണ് മകൾ നന്ദനയുടെ വിവാഹം ഉറപ്പിച്ചത്. വിവാഹത്തിന് പണം കണ്ടെത്താനായി മണികണ്‌ഠൻ ബുദ്ധിമുട്ടുകയായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.
Most Read| വിവിധ വർണങ്ങളിൽ പുക പടർത്തി വിവാഹ സംഘത്തിന്റെ യാത്ര; കേസെടുത്ത് പോലീസ്